കൊച്ചി: താൻ അടുക്കളയിൽ പോയി പണി എടുത്തില്ലായിരുന്നുവെങ്കിൽ 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' ഉണ്ടാവില്ലെന്ന് സംവിധായകനും നടനുമായ ജിയോ ബേബി. അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്ര മേളയുടെ അവസാന ദിവസം 'സിനിമ എന്ന തൊഴിലിടം സ്ത്രീസൗഹാർദപരമോ' വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും സ്ത്രീകൾക്ക് പ്രശ്‌നങ്ങളുണ്ടെന്നും അത് ശരിയാകണമെങ്കിൽ വീട്ടിൽ നിന്ന് തന്നെ മാറ്റം തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

സിനിമ ജനങ്ങളോട് സംസാരിക്കാനുള്ള ശക്തമായ രാഷ്ട്രീയ മാധ്യമമാണെന്നും സിനിമ തൊഴിലിടം സ്ത്രീകൾക്ക് സൗഹാർദ്ദപരമല്ല എന്നതുകൊണ്ട് തന്നെയാണ് ഈ വനിത ഫെസ്റ്റിവൽ നടത്തുന്നത് എന്നും അവരെ പ്രത്യേകം മുന്നോട്ട് കൊണ്ട് വരാനാണ് ഇത്തരം ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത് എന്നും സോഷ്യൽ ആക്ടിവിസ്റ്റും ഫിലിം സൊസൈറ്റി പ്രവർത്തകയുമായ ജ്യോതി നാരായണൻ അഭിപ്രായപ്പെട്ടു.

സ്ത്രീകളെ താഴ്‌ത്തിക്കെട്ടുന്ന രീതിയിൽ റേപ്പ് ജോക്‌സ് പറയുന്നത് പല സിനിമകളുടെ സെറ്റിലും കേൾക്കാനിടയാവുകയും എന്ത് ചെയ്യണമെന്നറിയാതെ കേട്ടിരിക്കേണ്ടി വന്നിട്ടുണ്ട്. സിനിമയിൽ പരാതികൾ പറഞ്ഞാൽ പോലും ഇൻഡസ്ട്രിയിൽ നിന്ന് പുറത്ത് പോകുന്ന സ്ഥിതിയുണ്ടെന്നും സമൂഹം എത്ര സ്ത്രീവിരുദ്ധമാണോ അത്രയും തന്നെ സ്ത്രീവിരുദ്ധമാണ് സിനിമാ മേഖലയെന്നും പി.എം ലാലി പറഞ്ഞു.

നടി പ്രയാഗ മാർട്ടിൻ, സംവിധായികയും അദ്ധ്യാപികയുമായ ജീവ കെ.ജെ, അഭിനേത്രി ദിവ്യ ഗോപിനാഥ് എന്നിവർ പങ്കെടുത്തു.