കൊച്ചി: ലാൽ ജോസ് ചിത്രമായ മീശമാധവനിലെ പട്ടാളം പുരുഷു എന്ന കഥാപാത്രം ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. ട്രോളുകളിലൂടെ ഇന്നും നിലനില്ക്കുകയാണ് ആ കഥാപാത്രം. ജെയിംസ് ചാക്കോയാണ് പട്ടാളം പുരുഷു എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്. 150 ലേറെ ചിത്രങ്ങളിൽ അഭിനയിച്ച ഈ കലാകാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 16 വർഷമാവുകയാണ്. അദ്ദേഹത്തിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് മകൻ ജിക്കു ജെയിംസ് പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

അപ്പൻ ഈ ലോകത്തില്ലെന്ന് പറയുമ്പോൾ പലരും ഞെട്ടലോടെയാണ് കേൾക്കുന്നതെന്നും വർഷങ്ങൾ ഇത്രയായിട്ടും മലയാളികളുടെ മനസിൽനിന്ന് മാറാതെ നിൽക്കുന്നത് ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്തതുകൊണ്ടാവാമെന്നും ജെയിംസ് ചാക്കോയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പങ്കുവെച്ച കുറിപ്പിൽ മകൻ ജിക്കു ജെയിംസ് പറയുന്നു.

'ഇന്ന് അപ്പന്റെ ജന്മദിനമാണ്. വർഷങ്ങൾ ഇത്രയുമായിട്ടും മലയാളികളുടെ മനസിൽനിന്ന് മാറാതെ നിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ ചെയ്തതുകൊണ്ടാവാം, ഇന്നും അറിയുന്ന പലരും അപ്പൻ ഈ ലോകത്തില്ല എന്ന് പറയുമ്പോൾ ഞെട്ടുന്നത്. ഈ ലോകത്തോട് വിടപറഞ്ഞിട്ട് 16 കൊല്ലം ആയെങ്കിലും ആളുകളുടെ മനസിൽ മായാതെ കിടക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ.

ഒരിക്കലും മറക്കാത്ത ഈ കഥാപാത്രങ്ങൾ സമ്മാനിച്ച സിനിമയിലെ സുഹൃത്തുക്കളോട് നന്ദി പറയുന്നു. ഈ ലോകത്തുനിന്ന് വിട്ടുപോയെങ്കിലും ഇപ്പോഴും കൂടെയുണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു. സ്വർഗത്തിൽ കൂട്ടുകാരോടൊപ്പം ആഘോഷിക്കുന്ന ഈ വിഡിയോ പോകുന്നതിനു മുന്നേ തയാറാക്കി എന്ന് വേണം കരുതാൻ. ലവ് യു അപ്പാ- ജിക്കു കുറിച്ചു.