മുംബൈ: ബോളിവുഡ് താരം രൺവീർ സിങ്ങും പോൺ താരം ജോണി സിൻസും ചേർന്നുള്ള പരസ്യം സൈബറിടത്തിൽ വൈറലാണ്. ജോണിയുടെസാന്നിധ്യവും പരസ്യത്തിന്റെ രീതിയുമാണ് എല്ലാവരെയും ആകർഷിച്ചത്. എന്നാൽ, ഇതിനോടൊപ്പം വിമർശനവും ഒപ്പമെത്തി. പരസ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി ടെലിവിഷൻ താരം റഷാമി ദേശായി. ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്നവരെ പരസ്യം അപമാനിച്ചതായും മുഖത്ത് അടി കിട്ടിയത് പോലെ തോന്നിയെന്നും റഷാമി പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പരസ്യം പങ്കിട്ടാണ് ടിവി താരം തന്റെ ശക്തമായ വിമർശനം അറിയിച്ചത്.

'ഹിന്ദി ടെലിവിഷൻ സീരിയലുകളെ പരിഹസിക്കുന്ന രീതിയിലാണ് പരസ്യ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സീരിയൽ അഭിനേതാക്കൾ ബിഗ് സ്‌ക്രീനിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു, എല്ലാവരും ഇവിടെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. എല്ലാ ടിവി ഷോകളും ഗംഭീരം ആണെന്ന് പറയുന്നില്ല. അതിനാൽ ചില യാഥാർത്ഥ്യങ്ങൾ തുറന്നു കാണിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ ടിവി വ്യവസായത്തെ പരിശോധിക്കുമ്പോൾ ഈ പരസ്യം മുഖത്ത് കിട്ടിയ അടിയായി എനിക്ക് തോന്നി. ടിവി രംഗത്ത് മാന്യമായി ഇപ്പോഴും യാത്ര ചെയ്യുന്നയാൾ എന്ന നിലയിൽ എന്റെ വികാരമായി കണ്ടാൽ മതി' റഷാമി പറഞ്ഞു.

തിങ്കളാഴ്ചയാണ് രൺവീറും ജോൺ സിൻസും ചേർന്നുള്ള പരസ്യം പുറത്തിറങ്ങിയത്. ബോൾഡ് കെയർ എന്ന, ഉദ്ധാരണ ശേഷി കുറവുള്ളവർ കഴിക്കുന്ന ടാബ്ലെറ്റിന്റെ ബ്രാൻഡ് അംബാസഡറാണ് രൺവീർ. ലൈംഗിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്ന പരസ്യത്തിൽ ജോണി സിൻസിന്റെ സഹോദരനായാണ് രൺവീർ അഭിനയിച്ചത്.