- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മമ്മൂട്ടി കരയുമ്പോൾ ഹൃദയം തകർന്നുപോകും; തന്റെ പാഷനോട് സത്യസന്ധനായ സൂപ്പർ താരമാണ് അദ്ദേഹം'; കാതലിനെ കുറിച്ച് അന്ന ബെൻ
കൊച്ചി: ജിയോ ബേബി- മമ്മൂട്ടി ചിത്രം ' കാതലി'ന് വിവിധ കോണുകളിൽ നിന്നും പ്രശംസകൾ വന്നടിയുകയാണ്. മമ്മൂട്ടിയുടെ ധൈര്യവും അഭിനയ മികവുമാണ് എല്ലാവരും പ്രശംസിക്കുന്നത്. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ചു നടി അന്ന ബെന്നും രംഗത്തുവന്നു. എന്നും വെല്ലുവിളികൾ ഏറ്റെടുക്കുന്ന മമ്മൂട്ടി എന്ന നടൻ സൂക്ഷ്മവും വേറിട്ടതുമായ കഥാപാത്രത്തോട് നീതിപുലർത്തിയെന്നും ചിത്രം ഹൃദയത്തിൽ പതിഞ്ഞെന്നും അന്ന കുറിച്ചു.
'മമ്മൂട്ടി കരയുമ്പോൾ ഹൃദയം തകർന്നുപോകും. തന്റെ പാഷനോട് സത്യസന്ധനായ സൂപ്പർ താരമാണ് അദ്ദേഹം. എന്നും വെല്ലുവിളികൾ ഏറ്റെടുക്കുന്നയാൾ. ഇത്തരത്തിൽ സൂക്ഷ്മവും വേറിട്ടതുമായ ഒരു കഥാപാത്രത്തോട് നീതിപുലർത്തിയതിന് അങ്ങേയറ്റം ആദരവാണ് സർ. ഇത് ഹൃദയത്തിൽ പതിഞ്ഞിരിക്കുന്നു ജിയോ ബോബി, ഇങ്ങനെ ഹൃദയത്തിൽ ബാക്കിയാകുന്ന ഒരു സിനിമയ്ക്ക് അഭിനന്ദനം. ഓമനയെ പതർച്ചകളില്ലാതെ മികവോടെ അവതരിപ്പിച്ച താരമായ ജ്യോതിക. അങ്ങനെ കാതലിലെ ഓരോ താരങ്ങളെ കുറിച്ചും അഭിപ്രായപ്പെടാം, എനിക്ക് വാക്കുകൾ കിട്ടാതെ വരുന്നു', എന്നാണ് അന്ന ബെന്നിന്റെ വാക്കുകൾ.
ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമായ കാതൽ മമ്മൂട്ടി കമ്പനിയാണ് നിർമ്മിക്കുന്നത്. ജ്യോതികയാണ് ചിത്രത്തിലെ നായിക. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ചിത്രം വിതരണം ചെയ്യുന്നു. ആദർശ് സുകുമാരനും പോൾസൺ സക്കറിയയുമാണ് ചിത്രത്തിന് വേണ്ടി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.