കൊച്ചി: കണ്ണൂർ സ്‌ക്വാഡ്'ന്റെ വൻ വിജയത്തിന് ശേഷം കുടുംബ പ്രേക്ഷകരെ തേടി മമ്മൂട്ടി എത്തുന്നു. ജിയോ ബേബിയുടെ സംവിധാനത്തിൽ മെഗാ സ്റ്റാർ മമ്മുട്ടിയും തമിഴ് നടി ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന 'കാതൽ ദി കോർ' എന്ന ചിത്രത്തിലെ ആദ്യ ഗാനം 'എന്നും എൻ കാവൽ' പുറത്തിറങ്ങി. മാത്യൂസ് പുളിക്കൻ ഈണം പകർന്ന ഗാനത്തിന് അൻവർ അലിയാണ് വരികൾ ഒരുക്കിയത്. കെ.എസ് ചിത്രയും ജി വേണുഗോപാലും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ നാലാമതായി പുറത്തിറങ്ങുന്ന ചിത്രമാണ് 'കാതൽ ദി കോർ'. ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് മമ്മുട്ടി അവതരിപ്പിക്കുന്നത്. ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു കാഴ്ചാനുഭവം സമ്മാനിക്കുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.

വർഷങ്ങളുടെ ഇടവേളക്ക് ശേഷം തെന്നിന്ത്യൻ താരം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 'കാതൽ ദി കോർ'. 2009-ൽ പുറത്തിറങ്ങിയ 'സീതാകല്യാണം' ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്ന് തിരക്കഥ ഒരുക്കിയ കാതലിന്റെ പ്രമേയം തന്നെ ആകർഷിച്ച ഒന്നാണെന്ന് തെന്നിന്ത്യൻ താരവും ജ്യോതികയുടെ ഭർത്താവുമായ സൂര്യ പറഞ്ഞിരുന്നു.

സാലു കെ തോമസ് ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൽ മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. നവംബർ 23 മുതൽ തിയറ്ററുകളിലെത്തുന്ന ചിത്രം ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.