ചെന്നൈ: ദ്വീർഘകാലത്തിന് ശേഷം തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ രജനീകാന്തും കമൽ ഹാസനു ഒരുമിച്ചു ഷൂട്ടംഗ് സ്റ്റുഡിയോയിൽ. പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇരുവരും ഇപ്പോൾ. 21 വർഷത്തിനുശേഷം ആദ്യമായി ഒരേ സ്റ്റുഡിയോയിൽ ഷൂട്ടിങ്ങിനായി എത്തിയിരിക്കുകയാണ് സൂപ്പർതാരങ്ങൾ. 'ഇന്ത്യൻ-2', 'തലൈവർ 170' എന്നീ സിനിമകളുടെ ചിത്രീകരണത്തിനായാണ് രജനീകാന്തും കമൽഹാസനും ഒരേ സ്റ്റുഡിയോയിൽ എത്തിയത്.

നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചത്. ഇന്ത്യൻ സിനിമയിലെ പകരംവെക്കാനില്ലാത്ത ഇതാഹാസങ്ങളായ ഉലകനായകൻ കമൽ ഹാസനും സൂപ്പർസ്റ്റാർ രജനീകാന്തും സിനിമ ഷൂട്ടിങ്ങിനിടയിൽ കണ്ടുമുട്ടിയപ്പോൾ. ഇന്ത്യൻ 2, തലൈവർ 170 എന്നീ സിനിമകളുടെ ഷൂട്ടിങ്ങിനായാണ് ഇരുവരും 21 വർഷത്തിനുശേഷം ഒരേ സ്റ്റുഡിയോയിൽ എത്തിയത്. ഇരുചിത്രങ്ങളും ലൈക പ്രൊഡക്ഷൻസ് തന്നെയാണ് സംവിധാനം ചെയ്യുന്നത് എന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്.- നിർമ്മാതാക്കൾ പോസ്റ്റിൽ പറയുന്നു.

കമൽഹാസൻ നായകനാകുന്ന 'ഇന്ത്യൻ-2' ഒരുക്കുന്നത് ഷങ്കറാണ്. 1996-ൽ പുറത്തിറങ്ങിയ 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. കാജൽ അഗർവാൾ, രാകുൽ പ്രീത് സിങ്, എസ്.ജെ. സൂര്യ, ബോബി സിംഹ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന് സംഗീതം നൽകുന്നത് അനിരുദ്ധാണ്.

രജനികാന്തിന്റെ 170-ാമത് ചിത്രമാണ് 'തലൈവർ 170'. റിട്ട. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് രജനി എത്തുന്നത്. സൂര്യ നായകനായ 'ജയ്ഭീം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജ്ഞാനവേലാണ് സിനിമ സംവിധാനം ചെയ്യുന്നത്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് തന്നെയാണ് തലൈവർ 170-യുടെയും സംഗീതസംവിധാനം.