മുംബൈ: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ഗുജറാത്ത് സർക്കാർ ഇല്ലാത്ത അധികാരം വിനിയോഗിക്കുന്നുവെന്ന് സുപ്രീം കോടതി രൂക്ഷ വിമർശനമുന്നയിക്കുകയും ചെയ്തു. ഈ വിഷയം രാജ്യം മുഴുവൻ ചർച്ച ചെയ്യുകയും ചെയ്തു. കേസ് വീണ്ടും ചർച്ചയായിരിക്കവേ ബോളിവുഡ് നടി കങ്കണയുടെ എക്സിൽ ഒരാൾക്ക് നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ബിൽക്കിസ് ബാനു കേസിൽ കങ്കണ ഒരു സിനിമ ചെയ്യാണമെന്നാണ് ആ വ്യക്തിയുടെ ആവശ്യം. ഇതിന് കങ്കണ നൽകിയ മറുപടി ചർച്ചയായിരിക്കുകയാണ്.

ബിൽക്കിസ് ബാനു കേസിൽ സിനിമയെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിനായി മൂന്ന് വർഷത്തോളമായി ഗവേഷണം നടത്തുകയാണെന്നും കങ്കണ പറഞ്ഞു. എന്നാൽ രാഷ്ട്രീയപരമായ വിഷയമായതിനാൽ ചിത്രം നിർമ്മിക്കാനായി ആരും മുന്നോട്ട് വരുന്നില്ലെന്നും കങ്കണ വ്യക്തമാക്കി.

പ്രിയപ്പെട്ട കങ്കണ മാം, സ്ത്രീശാക്തീകരണത്തോടുള്ള താങ്കളുടെ അഭിനിവേശം പ്രചോദനം നൽകുന്നതാണ്. ബിൽക്കിസ് ബാനു വിഷയത്തിൽ ശക്തമായ ഒരു സിനിമയെടുക്കാൻ താങ്കൾക്ക് താൽപര്യമുണ്ടോ. ബിൽക്കിസിന് വേണ്ടി താങ്കളത് ചെയ്യുമോ? കുറഞ്ഞ് മനുഷ്യത്വത്തിന്റെ പേരിൽ- എക്സ് യൂസർ ചോദിച്ചു

സിനിമയെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. തിരക്കഥയും തയ്യാറാണ്. വിഷയത്തിൽ ഞാൻ മൂന്ന് വർഷത്തോളം ഗവേഷണം നടത്തിയിരുന്നു. എന്നാൽ നെറ്റ്ഫ്ലിക്സ്, ആമസോൺ തുടങ്ങി പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമ എടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു. രാഷ്ട്രീയ വിഷയങ്ങൾ സംസാരിക്കുന്ന ചിത്രങ്ങളിൽ അവർക്ക് അവരുടേതായ ചില നിബന്ധനകൾ ഉണ്ടെന്നാണ് പറയുന്നത്. ഞാനൊരു ബിജെപി അനുഭാവി ആയതിനാൽ ജിയോ സിനിമയ്ക്ക് സഹകരിക്കാൻ താൽപര്യമില്ലെന്നാണ് പറഞ്ഞത്.