മുംബൈ: പുതിയ സിനിമയുമായി രംഗത്തു വരികയാണ് കങ്കണ റണാവത്ത്. എമർജൻസിയാണ് അവരുടെ പുതിയ ചിത്രം. ഇപ്പോൾ താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം.

തെലുങ്ക് സിനിമ റസാകറിന്റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കങ്കണ. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് തന്റെ പുതിയ ചിത്രം എമർജൻസിയേക്കുറിച്ച് പരാമർശിച്ച് മറുപടി നൽകുകയായിരുന്നു.

എമർജൻസി എന്ന ഒരു ചിത്രം ഞാൻ പൂർത്തിയാക്കിയതേയുള്ളൂ. ആ സിനിമ കണ്ടു കഴിഞ്ഞാൽ ആരും ഞാൻ പ്രധാനമന്ത്രിയാകണം എന്ന് ആഗ്രഹിക്കില്ല.- കങ്കണ പറഞ്ഞു. അടിയന്തിരാവസ്ഥ കാലത്തെക്കുറിച്ച് പറയുന്ന ചിത്രത്തിൽ ഇന്ദിര ഗാന്ധിയുടെ റോളിലാണ് കങ്കണ എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്ക് ഇതിനോടകം വൈറലായിരുന്നു.

കഴിഞ്ഞ വർഷം തന്റെ രാഷ്ട്രീയ പ്രവേശനത്തേക്കുറിച്ചുള്ള ചോദ്യത്തിന് ചാരം മറുപടി നൽകിയിരുന്നു. താൻ രാഷ്ട്രീയത്തിന് പറ്റിയ ആളല്ല. ഒരുപാട് തവണ എന്നോട് രാഷ്ട്രീയ പ്രവേശനം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാനത് ചെയ്തില്ല.- എന്നായിരുന്നു താരം പറഞ്ഞത്.