- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തല്ല് ആഘോഷിക്കുന്നവരുടെ കൂട്ടത്തിൽ കൂടാൻ ഞാനില്ല; ശബാന ആസ്മി
മുംബൈ: ബോളിവുഡ് നടിയും ബിജെപിയുടെ നിയുക്ത എംപിയുമായ കങ്കണ റണാവത്തിന്റെ കരണത്തടിച്ച സംഭവത്തിൽ നടിയെ പിന്തുണച്ച് മുതിർന്ന നടി ശബാന ആസ്മി. തല്ല് ആഘോഷിക്കുന്നവരുടെ കൂട്ടത്തിൽ കൂടാനില്ലെന്നാണ് ശബാന പറഞ്ഞത്. "കങ്കണയോട് വലിയ താൽപര്യമൊന്നുമില്ല. എന്നാൽ തല്ല് ആഘോഷിക്കുന്നവരുടെ കൂട്ടത്തിൽ കൂടാൻ സാധിക്കില്ല. സുരക്ഷ ജീവനക്കാർ നിയമം കൈയിലെടുക്കാൻ തുടങ്ങിയാൽ നമ്മൾ ആരും സുരക്ഷിതരല്ല."-എന്നാണ് ശബാന ആസ്മി കുറിച്ചത്.
നേരത്തേ ശബാനയെ കടുത്ത ഭാഷയിൽ കങ്കണ വിമർശിച്ചിട്ടുണ്ട്. കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാന്മാർക്കെതിരെ ഭീകരാക്രമണം നടന്നപ്പോഴായിരുന്നു അത്. പാക്കിസ്ഥാനിലെ സാഹിത്യോത്സവത്തിൽ ശബാന ആസ്മി ക്ഷണിതാവായിരുന്നു. ഇതാണ് കങ്കണയെ പ്രകോപിപ്പിച്ചത്. എന്നാൽ സാഹിത്യോത്സവത്തിൽ ശബാന പങ്കെടുത്തിരുന്നില്ല.
ബോളിവുഡ് താരങ്ങളായ അനുപം ഖേർ, ശേഖർ സുമൻ, മകൻ ആദിത്യൻ സുമൻ എന്നിവരും കങ്കണക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിലേക്കുള്ള യാത്രക്കായി മൊഹാലി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സിഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ കുൽവിന്ദർ കൗർ കങ്കണയുടെ കരണത്തടിച്ചത്. പതിവു സുരക്ഷ പരിശോധനക്ക് പിന്നാലെയായിരുന്നു മർദനം. കർഷക സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ കങ്കണ നടത്തിയ പരാമർശമായിരുന്നു പ്രകോപനത്തിന് കാരണം.