മുംബൈ: പ്രമുഖ ടെലിവിഷൻ പരിപാടിയിൽ തന്നെ മോശമായി അനുകരിച്ചതിനെതിരെ ബോളിവുഡ് സംവിധായകൻ കരൺ ജോഹർ രംഗത്ത്. 25 വർഷമായി താൻ പ്രവർത്തിക്കുന്ന സിനിമാ മേഖലയിൽ നിന്നു തന്നെ ഇത്തരത്തിൽ അപമാനിക്കപ്പെട്ടത് തന്നെ ഏറെ വേദനിപ്പിച്ചു എന്നാണ് കരൺ ജോഹർ പറയുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടായിരുന്നു കരൺ തന്റെ പ്രതികരണം അറിയിച്ചത്.

ഞാൻ എന്റെ അമ്മയ്ക്കൊപ്പം ഇരുന്ന് ടിവി കാണുകയായിരുന്നു. അപ്പോഴാണ് പ്രമുഖ ചാനലിലെ ഒരു റിയാലിറ്റി ഷോ പ്രമോ കാണാൻ ഇടയായത്. ഒരു ഹാസ്യതാരം എന്നെ വളരെ മോശം രീതിയിൽ അനുകരിക്കുകയാണ്. ട്രോളുകളിൽ നിന്നും മുഖവും പേരുമില്ലാത്തവരിൽ നിന്നുമെല്ലാം ഞാനിത് പ്രതീക്ഷിക്കും. പക്ഷേ 25 വർഷമായി ഞാൻ നിൽക്കുന്ന ഈ ഇൻഡസ്ട്രിയിൽ നിന്നുതന്നെ ഇങ്ങനെയൊരു അപമാനം ഞാൻ പ്രതീക്ഷിച്ചില്ല. ഇതിൽ ഇനിക്ക് ദേഷ്യമല്ല ഉണ്ടായത് സങ്കടമാണ്.- കരൺ കുറിച്ചു.

നിർമ്മാതാവ് ഏക്ത കപൂറും കരൺ ജോഹറിനു പിന്തുണയുമായി എത്തി. ഷോകളിലെ വൃത്തികെട്ട തമാശകൾ പലപ്പോഴും ഉണ്ടാവാറുണ്ട് എന്നാണ് ഏക്ത കുറിച്ചത്. മാഡ്നസ് മചായേങ്കേ- ഇന്ത്യ കോ ഹസായേങ്കേ എന്ന കോമഡി ഷോയെക്കുറിച്ചായിരുന്നു കരണിന്റെ പരാമർശം. കരൺ അവതാരകനായി എത്തുന്ന കോഫി വിത്ത് കരൺ എന്ന പരിപാടിയുടെ അനുകരണമാണ് ഷോയിൽ വന്നത്.

ഹാസ്യതാരമായ കേത്തൻ സിങ് ആണ് കരണിനെ അവതരിപ്പിച്ചത്. കരൺ ജോഹറിന്റെ പോസ്റ്റിനു പിന്നാലെ കേത്തൻ സിങ് താരത്തോട് ക്ഷമാപണം നടത്തി. താൻ കരണിന്റെ ആരാധകനാണെന്നും തന്റെ പ്രവൃത്തി വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ പറയുന്നതായും അദ്ദേഹം കുറിച്ചു.