മുംബൈ: ഭോപ്പാൽ വാതക ദുരന്തത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച വെബ് സീരീസ്, ദ റെയിൽവേ മെന്നിന്റെ സ്ട്രീമിങ് വിലക്കണമെന്ന ഹർജി ബോംബെ ഹൈക്കോടതി തള്ളി. വാതക ദുരന്തത്തെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ തന്നെ പൊതുമണ്ഡലത്തിലുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ആരിഫ് ഡോക്ടറുടെ നടപടി. നെറ്റ്ഫൽക്സ് ആണ് സീരീസ് സ്ട്രീം ചെയ്യുന്നത്.

വാതക ദുരന്തമുണ്ടായ യൂണിയൻ കാർബൈഡ് കമ്പനിയിലെ മുൻ ഉദ്യോഗസ്ഥരാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. തങ്ങളെ സമൂഹം മുൻവിധിയോടെ കാണുന്നതിന് സീരീസ് കാരണമാവുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. എംഐസി പ്ലാന്റിൽ പ്രൊഡക്ഷൻ മാനേജർ ആയിരുന്ന സത്യപ്രകാശ് ചൗധരിയും കീടനാശി വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്ന ജെ മുകുന്ദുമാണ് ഹർജി നൽകിയത്. വാതക ദുരന്ത കേസിൽ ഇരുവരെയും കോടതി ശിക്ഷിച്ചിരുന്നു. ഇതിനെതിരെ ഇവർ നൽകിയ അപ്പീൽ കോടതിയുടെ പരിഗണനയിലാണ്.

സീരീസിൽ ആക്ഷേപകരമായ ഉള്ളടക്കമുണ്ടെന്നു സ്ഥാപിക്കാൻ ഹർജിക്കാർക്കായിട്ടില്ലെന്ന് കോടതി പറഞ്ഞു. രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധ നേടിയ ദുരന്തമാണ് ഭോപ്പാലിൽ ഉണ്ടായത് എന്നതിൽ തർക്കമില്ല. വർഷങ്ങളോളം ചർച്ചചെയ്യപ്പെട്ട കാര്യമാണിത്. സിനിമകളായും ഡോക്യുമെന്ററികളായും പുസ്തകങ്ങളായും അതിന്റെ വിവരങ്ങൾ പൊതുമണ്ഡലത്തിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.