ജാംനഗർ: എസ്. എസ് രാജമൗലി സംവിധാനം ചെയ്ത ആർ. ആർ. ആർ എന്ന ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് ചുവടുവെച്ച് ബോളിവുഡിലെ ഖാൻ ത്രയങ്ങൾ. ഓസ്‌കാർ പുരസ്‌ക്കാരം നേടിയ ചിത്രത്തിലെ ഗാനത്തിനൊപ്പമാണ് സൂപ്പർതാരങ്ങൾ ചുവടുവെച്ചത്. മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ പ്രിവെഡ്ഡിങ് ചടങ്ങിലാണ് ആമിറും ഷാറൂഖും സൽമാനും ഒന്നിച്ച് ഒരു വേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഖാന്മാരുടെ നാട്ടു നാട്ടു നൃത്ത വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.

ഷാറൂഖ് ഖാന്റെ ഫാൻസ് പേജിലൂടെയാണ് നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചത്. ആർ. ആർ. ആറിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിലെ സ്റ്റെപ്പിനൊപ്പം തങ്ങളുടെ ഹിറ്റ് ഗാനങ്ങളിലെ ഹുക്ക് സ്റ്റെപ്പും താരങ്ങൾ വേദിയിൽ അവതരിപ്പിച്ചു.

താരങ്ങളുടെ നൃത്ത വിഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏറെ കാലത്തിന് ശേഷമാണ് ആമിർ, ഷാറൂഖ് , സൽമൻ എന്നിവർ ഒന്നിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. മൂവരും അടുത്ത സുഹൃത്തുക്കളാണെങ്കിലും വളരെ വിരളമായി മാത്രേമേ സ്റ്റേജിൽ ഒന്നിച്ചെത്താറുള്ളൂ. എന്നാൽ സിനിമ തിരക്കുകൾക്കിടയിലും മൂവരും തങ്ങളുടെതായ സമയം ചെലവഴിക്കാറുണ്ട്. ആമിർ ഖാന്റെ മകൾ ഇറയുടെ വിവാഹത്തിന് ഷാറൂഖും സൽമാനും എത്തിയിരുന്നു.

മാർച്ച് ഒന്നിന് ആരംഭിച്ച ആനന്ദ് അംബാനി-രാധിക മർച്ചന്റ് പ്രീവെഡ്ഡിങ് ആഘോഷങ്ങൾ ഞായറാഴ്ച അവസാനിക്കും. മൂന്ന് ദിവസത്തെ പരിപാടിയാണ് അംബാനി കുടുംബം സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈയിൽ മുംബൈയിൽവച്ചാണ് വിവാഹം.

View this post on Instagram

A post shared by Maha (@mahasrk1)

ഷാറൂഖ്, സൽമാൻ, ആമിർ എന്നിവരെ കൂടാതെ താരങ്ങളായ സിദ്ധാർഥ് മൽഹോത്ര, കിയാര അദ്വാനി, സെയ്ഫ് അലി ഖാൻ, കരീന കപൂർ ഖാൻ, മാധുരി ദീക്ഷിത്, വരുൺ ധവാൻ, അനിൽ കപൂർ, സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, അനന്യ പാണ്ഡേ, ആദിത്യ റോയ് കപൂർ, റാണി മുഖർജി, ദീപിക പദുക്കോൺ, രൺവീർ സിങ്, ശ്രദ്ധ കപൂർ, രൺബീർ കപൂർ, ആലിയ ഭട്ട് , വിക്കി കൗശൽ, കത്രീന കൈഫ് എന്നിവരും പ്രീവെഡ്ഡിങ് ആഘോഷങ്ങളിൽ സജീവമാണ്.