കൊച്ചി: കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൂട്ടക്കൊലയെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് ഒരുക്കിയ ഡൊക്യുമെന്ററിയുടെ ട്രെയിലർ പുറത്ത്. 'കറി ആൻഡ് സയനൈഡ്; ദി ജോളി കേസ്' എന്ന പേരിലാണ് ഡോക്യുമെന്ററി. ഡോക്യുമെന്ററി ഡിസംബർ 22നാണ് റിലീസ് ചെയ്യും.

കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, ജോളിയുടെ മകൻ, കുടുംബാംഗങ്ങൾ, അയൽവാസികൾ തുടങ്ങിയവർ ഡോക്യുമെന്റിയുടെ ഭാഗമാകുന്നുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഡൊക്യുമെന്റി സ്ട്രീം ചെയ്യും.

ദേശീയ അവാർഡ് ജേതാവ് ക്രിസ്റ്റൊ ടോമിയാണ് ഡോക്യുമെന്ററിയുടെ സംവിധാനം. ഇതാദ്യമായാണ് കേരളത്തിൽ നിന്നൊരു കേസ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയാക്കുന്നത്. 2019 ലാണ് നാടിനെ നടുക്കിയ കൊലപാതകങ്ങളുടെ കഥ പുറം ലോകം അറിയുന്നത്. പൊന്നാമറ്റം വീട്ടിലെ തുടർച്ചയായ ദുരൂഹമരണങ്ങളിൽ ആരംഭിച്ച സംശയമാണ് ദീർഘനാളത്തെ അന്വേഷണത്തിനൊടുവിൽ പ്രതി ജോളി ജോസഫിലേക്ക് എത്തിക്കുന്നത്.