തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധുവും നാല് മക്കളുമെല്ലാം ആളുകൾക്ക് എറെ പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് ഈ താര കുടുംബം. കൃഷ്ണകുമാറും ഭാര്യയും പ്രണയിച്ച് വിവാഹിതരായവരാണ്. 1994 ലായിരുന്നു ഇരുവരും വിവാഹിതരായത്.

ദൂരദർശനിൽ ന്യൂസ് റീഡറായാണ് കൃഷ്ണകുമാറിന്റെ കരിയർ തുടങ്ങിയത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി അവസരങ്ങൾ ലഭിച്ചതോടെ അദ്ദേഹത്തിന്റെ ജീവിതം മാറിമറിയുകയായിരുന്നു. അഭിനയം മാത്രമല്ല രാഷ്ട്രീയത്തിലും സജീവമാവുകയായിരുന്നു അദ്ദേഹം. ബിജെപിയിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

കഴിഞ്ഞ ദിവസമായിരുന്നു സിന്ധു കൃഷ്ണയുടെ പിറന്നാൾ. അച്ഛനും മക്കളുമെല്ലാം സിന്ധുവിന് ആശംസ അറിയിച്ചെത്തിയിരുന്നു. ഭാര്യയുടെ പിറന്നാൾ ദിനത്തിൽ നടൻ കൃഷ്ണ കുമാർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സിന്ധുവിനു പിറന്നാൾ ആശംസകൾ..ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടിട്ടു 3 ദശകങ്ങൾ കഴിഞ്ഞു.. 30 വർഷം വലിയൊരു കാലമെന്നു കരുതിയ സമയമുണ്ടായിരുന്നു.. തിരിഞ്ഞുനോക്കുമ്പോൾ വളരെ വേഗം കടന്നു പോയ ഒരു ചെറിയ കാലമായി തോന്നുന്നു.സ്‌നേഹിച്ചും, കലഹിച്ചും വിട്ടുവീഴ്ചകളിലൂടെയും, ദുഃഖത്തിലൂടെയും സന്തോഷത്തിലൂടെയും കടന്നു പോയ നല്ല ഒരു ജീവിതം,ഇതുവരെയുള്ള യാത്രയിൽ, 4 മക്കൾക്കും, കൂടെനിന്ന എല്ലാവർക്കും നന്ദി... നന്മകൾ നേരുന്നു. എന്നാണ് കൃഷ്ണകുമാർ കുറിച്ചത്.