കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ഗർർർ. ഒരു സിംഹവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതിനിടെ സിംഹം ഗ്രാഫിക്‌സ് ആണെന്ന് ആക്ഷേപം ഉന്നയിച്ചവർക്ക് മറുപടിയുമായി രംഗത്തെത്തുകയാണ് കുഞ്ചാക്കോ ബോബൻ. സിംഹത്തിന്റെ മാന്ത് തനിക്കു കിട്ടിയെന്നാണ് താരം പറയുന്നത്.

സിംഹത്തിന്റെ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിന്റെ വിഡിയോയ്‌ക്കൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്. 'സിംഹം ഗ്രാഫിക്‌സ് ആണത്രേ ഗ്രാഫിക്‌സ്. അതും മാന്ത് കിട്ടിയ എന്നോട്. ഗർർർ ജൂൺ 18 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു.'- എന്നാണ് താരം കുറിച്ചത്.

മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ഒരാൾ ചാടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. മദ്യപിച്ച് കയറിച്ചെല്ലുന്ന യുവാവ് ആയാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. മോജോ എന്ന വിദേശ സിംഹമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

സൂപ്പർഹിറ്റ് ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകൻ ജയ് കെയും പ്രവീൺ എസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.