കൊച്ചി: ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത സംവിധായകനാണ് ലാൽ ജോസ്. ഇപ്പോഴിതാ ഈ പുതുവർഷത്തിൽ പുത്തൻ തുടക്കത്തിന് ആരംഭം കുറിക്കുകയാണ് അദ്ദേഹം. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് 'ലാൽ ജോസിന്റെ കൊച്ചുവർത്തമാനങ്ങൾ' എന്ന ഉദ്യമത്തിന് അദ്ദേഹം തുടക്കമിട്ടത്.

ജനുവരി ഒന്നാം തിയതി രാവിലെ അഞ്ചു മണിക്കാണ് പുതിയ പരിപാടിക്ക് തുടക്കമാവുക. തന്റെ ജീവിതത്തിലെ അനുഭവങ്ങളാണ് ലാൽ ജോസ് പങ്കുവെക്കുക.

സോഷ്യൽ മീഡിയയിൽ ലാൽ ജോസ് പങ്കുവെച്ച കുറിപ്പ്:

''പ്രിയരേ, ഡിസംബർ മാസമാകുമ്പോ എവിടെ നിന്നെങ്കിലും അടുത്ത വർഷത്തേക്കുള്ള ഒരു പുത്തൻ ഡയറി ആരുടെയെങ്കിലും സ്നേഹസമ്മാനമായി കയ്യിലെത്തും. ധാരാളം ഡയറികൾ കയ്യിൽ വന്ന വർഷങ്ങളിൽ ഇതിലൊക്കെ എഴുതി നിറയ്ക്കാനും മാത്രം അനുഭവങ്ങൾ വരും കൊല്ലത്തിൽ ഉണ്ടാകണമെന്ന് കൊതിച്ചിട്ടുണ്ട്.

കൂട്ടത്തിൽ ഒരു നല്ല ഡയറി എടുത്ത് അടുക്കോടും ചിട്ടയോടും അനുഭവങ്ങൾ എഴുതണമെന്ന് പ്രതിജ്ഞയെടുത്ത പുതുവർഷങ്ങൾ എത്രയോ പിന്നിട്ടു. നാലു താളിനപ്പുറം കടന്നിട്ടില്ല. അനുഭവങ്ങൾ ഇല്ലാഞ്ഞിട്ടല്ല. എഴുതാനുള്ള അച്ചടക്കവും കെല്പും ഇല്ലഞ്ഞിട്ടാണ്. ഇനിയും അനുഭവങ്ങളെയങ്ങനെ പാട്ടിന് വിടാൻ പറ്റില്ല. കൊറെ വല്യമനുഷ്യരെ അതിലധികം നല്ല മനുഷ്യരെ കണ്ടിട്ടുണ്ട്, അറിഞ്ഞിട്ടുണ്ട്. നല്ല നല്ല സ്ഥലങ്ങളിൽ പോയി എല്ലാം മറന്നിരുന്നിട്ടുണ്ട്.

ആകെ പിടിച്ചുലയ്ക്കുന്ന കഥകളെത്ര കേട്ടിരിക്കുന്നു. എഴുതാൻ വയ്യാത്തകൊണ്ട് പറയാമെന്ന് വച്ചു. ഒരു കൊച്ചുകാമറ ഓൺ ചെയ്തുവെച്ച് അതിന്റെ കണ്ണിലേക്ക് നോക്കി ഓരോരോ കൊച്ചുവർത്തമാനങ്ങൾ... പത്ത് മിനിറ്റിൽ താഴെയുള്ള ഓരോ വീഡിയോകൾ. ..അവ അപ്ലോഡ് ചെയ്യാൻ ഒരു യൂട്യൂബ് ചാനൽ... ലാൽ ജോസിന്റെ കൊച്ചുവർത്തമാനങ്ങൾ... സംഗതി ഈ പുതുവർഷത്തിൽ ജനുവരി ഒന്നാം തീയതി അഞ്ചു മണിക്ക് തുടങ്ങുകയാണ്... കൂടെയുണ്ടാകുമല്ലോ''. അദ്ദേഹം കുറിച്ചു.