മുംബൈ: സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിലെത്തിയ 'ഫൈറ്റർ' സിനിമക്കെതിരെ വക്കീൽ നോട്ടീസ്. ഹൃത്വിക് റോഷന്റെയും ദീപിക പദുക്കോണിന്റെയും കഥാപാത്രങ്ങൾ യൂണിഫോമിൽ ചുംബിക്കുന്ന രംഗം ചിത്രത്തിൽ ഉൾപ്പെടുത്തിയതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. യൂണിഫോം ധരിച്ച് ചുംബിക്കുന്ന രംഗത്തിലൂടെ വ്യോമസേനയെ അപമാനിക്കുന്നുവെന്നാണ് ആരോപണം.

അസം സ്വദേശിയും വ്യോമസേനാ വിങ് കമാന്ററുമായ സൗമ്യ ദീപ് ദാസാണ് സിനിമക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ യൂണിഫോം വെറും വസ്ത്രമല്ല. ദേശ സുരക്ഷയുടെയും നിസ്വാർഥ സേവനത്തിന്റെയും ധീരതയുടെയും അച്ചടക്കത്തിന്റെയും ത്യാഗത്തിന്റെയും അടയാളമാണിത്. ഫൈറ്ററിലെ ചുംബനരംഗം വ്യോമസേനയ്ക്ക് അപമാനമാണ്. ദേശത്തെ സ്നേഹിക്കുന്ന തങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നു. യൂണിഫോം ധരിച്ചുകൊണ്ട് നടത്തുന്ന ഇത്തരം ചെയ്തിങ്ങൾ മൂല്യത്തിന് നിരക്കാത്തതാണ്- നോട്ടീസിൽ പറയുന്നു.

വ്യോമസേനാ സംഘം ഭീകരാക്രമണത്തെ നേരിടുന്നതാണ് സിനിമയുടെ ഇതിവൃത്തം. യുദ്ധ വിമാനത്തിന്റെ പൈലറ്റുമാരായ ഷംഷേർ പത്താനിയ, മിനാൽ റാത്തോഡ് എന്നീ കഥാപാത്രങ്ങളെ യഥാക്രമം ഹൃത്വിക് റോഷനും ദീപിക പദുക്കോണും അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ ടീസർ ഇറങ്ങിയപ്പോഴും വ്യോമസേനയെ അപമാനിച്ചുവെന്നാരോപിച്ച് ചിലർ രംഗത്ത് വന്നിരുന്നു. ഹൃത്വികിന്റെയും ദീപികയുടെയും കഥാപാത്രങ്ങളുടെ ഒരു ഇന്റിമേറ്റ് രംഗത്തിൽ ദീപിക മോണോക്കിനിയാണ് ധരിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് ഒരു വിഭാഗം രംഗത്ത് വന്നത്. ഷാരൂഖ് ഖാൻ നായകനായ  സൂപ്പർ ഹിറ്റ് ചിത്രം 'പഠാന്' ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് 'ഫൈറ്റർ'.