ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്തിന്റെ കാത്തിരിപ്പ് ഒക്ടോബർ 19ന് വേണ്ടിയാണ്. ദളപതി വിജയ് ലോകേഷ് കനകരാജ് ചിത്രം ലിയോ അന്നാണ് ആഗോള വ്യാപകമായി റിലീസ് ചെയ്യപ്പെടുന്നത്. ചിത്രത്തിന്റെ ഒരോ വിശേഷങ്ങളും വലിയ വാർത്തയാണ് സൃഷ്ടിക്കുന്നത്. അതിൽ ഏറ്റവും പുതിയ അപ്‌ഡേറ്റ് വരുന്നത് യുഎസിൽ നിന്നാണ്. എന്നാൽ ആ വാർത്ത വിജയ് ആരാധകർക്ക് ഒട്ടും സുഖകരമായ കാര്യമല്ല.

ആദ്യമായി ആയിരത്തിലേറെ തീയറ്ററുകളിൽ യുഎസിൽ റിലീസ് ചെയ്യുന്ന ചിത്രമായി മാറിയിരുന്നു ലിയോ. അതിന് പുറമേ 2023 ൽ യുഎസിൽ അഡ്വാൻസ് ബുക്കിംഗിലൂടെ ഏറ്റവും കൂടുതൽ തുക നേടുന്ന ഇന്ത്യൻ ചിത്രം എന്ന നേട്ടവും ലിയോ നേടിയിരുന്നു. ജവാൻ, പഠാൻ സിനിമകളെ പിന്നിലാക്കിയാണ് വിജയ് ചിത്രം ഈ നേട്ടം കരസ്ഥമാക്കിയത്. എന്നാൽ തിരിച്ചടിയുടെ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇത് പ്രകാരം നേരത്തെ നിശ്ചയിച്ച ലിയോ ഐമാക്‌സ് പ്രദർശനങ്ങൾ യുഎസിൽ ഉപേക്ഷിച്ചിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഐമാക്‌സ് പ്രീമിയർ ഷോകളാണ് മാറ്റിയതെന്നും. അതിന്റെ പണം നേരത്തെ ബുക്ക് ചെയ്തവർക്ക് തിരിച്ചുനൽകി എന്നുമാണ് വിവരം. അതേ സമയം ഐമാക്‌സ് ഷോയ്ക്ക് പുറമേ സാധാരണ തീയറ്ററുകളെ ഷോകളും മാറ്റിവച്ചതായും റിപ്പോർട്ടുണ്ട്.

അതേ സമയം ഇത്തരത്തിൽ ഷോകൾ ഉപേക്ഷിക്കുന്നത് ലിയോ അഡ്വാൻസ് ബുക്കിംഗിനെ ബാധിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. സാങ്കേതികമായ കാരണങ്ങളും ഡിസ്ട്രീബ്യൂഷൻ പ്രശ്‌നങ്ങളുമാണ് ഷോ ക്യാൻസിലാകുവാൻ കാരണമാകുന്നത് എന്നാണ് വിവരം. അതേ സമയം ഇതിൽ പലതും റൂമറുകൾ മാത്രമാണ് എന്ന വാദമാണ് വിജയ് ഫാൻസ് ഉയർത്തുന്നത്.

അതേ സമയം വിജയ് ചിത്രം ലിയോയുടെ ആദ്യ ദിനങ്ങളിലെ തമിഴ്‌നാട്ടിലെ സ്‌പെഷൽ ഷോകളുടെ സമയക്രമത്തിൽ തീരുമാനം തമിഴ്‌നാട് സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. . റിലീസ് ദിനത്തിൽ (ഒക്ടോബർ 19) പുലർച്ചെ നാലിനും 9 നുമായി രണ്ട് സ്‌പെഷൽ ഷോകളും 20 മുതൽ 24 വരെയുള്ള ദിനങ്ങളിൽ രാവിലെ 7 ന് ഒരു സ്‌പെഷൽ ഷോയും നടത്താനുള്ള അനുമതിക്കായാണ് നിർമ്മാതാക്കളായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് സർക്കാരിനെ സമീപിച്ചത്.

ഇതിൽ റിലീസ് ദിവസം ഉൾപ്പെടെ ഒരു സ്‌പെഷൽ ഷോയും ചേർത്ത് പ്രതിദിനം അഞ്ച് ഷോകൾ നടത്താനുള്ള അനുമതി നൽകിക്കൊണ്ട് രണ്ട് ദിവസം മുൻപ് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ അനുവദിച്ചിരിക്കുന്ന സ്‌പെഷൽ ഷോയുടെ സമയം ഉത്തരവിൽ ഉണ്ടായിരുന്നില്ല. ഇത് വ്യക്തമാക്കിക്കൊണ്ടുള്ളതാണ് പുതിയ ഉത്തരവ്.