ചെന്നൈ: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വിജയ് നായകനാകുന്ന ലിയോ. ലോകേഷ് കനകരാജ് എന്ന സംവിധായകനിലാണ് ഏവരുടെയും പ്രതീക്ഷ. സിനിമയ്കക്കായി പ്രത്യേകം പ്രദർശനം വേണമെന്ന ആവശ്യവും ശക്തമായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇപ്പോൾ നിലപാട് അറിയിച്ചിരിക്കയാണ് തമിഴ്‌നാട് സർക്കാർ.

ലിയോ സിനിമയ്ക്ക് പ്രത്യേക പ്രദർശനം അനുവദിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി തമിഴ്‌നാട് സർക്കാർ അറിയിച്ചു. നേരത്തെ ലിയോയ്ക്ക് രാവിലെ 7 മണി സ്‌പെഷ്യൽ ഷോ അനുവദിക്കാമോ എന്ന് പരിശോധിക്കാൻ തമിഴ്‌നാട് സർക്കാറിനോട് ചെന്നൈ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് തമിഴ്‌നാട് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

നിർമ്മാതാക്കളായ സെവൻത് സ്‌ക്രീൻ സ്റ്റുഡിയോയുടെ ആവശ്യം തമിഴ്‌നാട് സർക്കാർ തള്ളി. കഴിഞ്ഞ ദിവസം വൈകീട്ട് ചിത്രത്തിന്റെ നിർമ്മാതാവ് ലളിത് കുമാറും, തീയറ്റർ ഉടമകളും സർക്കാറുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ അവരുടെ നിർദേശങ്ങൾ സർക്കാർ തള്ളി. രാവിലെ 7 മണിക്ക് ആദ്യ ഷോ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. പുതുച്ചേരിയിൽ രാവിലെ 7 മണിക്ക് ആദ്യ ഷോ അനുവദിച്ചിട്ടുണ്ടെന്ന നിർമ്മാതാക്കളുടെ വാദം സർക്കാർ അംഗീകരിച്ചില്ല.

തീരുമാനം ഡിജിപിയുടെ അഭിപ്രായം പരിഗണിച്ചെന്നാണ് തമിഴ്‌നാട് സർക്കാർ വൃത്തങ്ങൾ പറയുന്നത്. 7 മണി ഷോ സ്‌കൂൾ സമയത്ത് ഗതാഗത കുരുക്കുണ്ടാകുമെന്ന് ഡിജിപി സർക്കാറിനെ അറിയിച്ചു.ഈ ഷോയ്ക്കായി രാവിലെ 5 മുതൽ സുരക്ഷ ഒരുക്കേണ്ടി വരുമെന്നും ഡിജിപി വ്യക്തമാക്കിയതോടെയാണ് സർക്കാർ ഈ തീരുമാനത്തിലേക്ക് എത്തിയത്.

നിലവിൽ തമിഴ്‌നാട്ടിൽ വിജയ് ചിത്രം ലിയോയുടെ ആദ്യ ഷോ സമയം രാവിലെ 9 മണി ആയിരിക്കും. രാവിലെ 9നും പുലർച്ചെ 5നും ഇടയിൽ 5 ഷോ നടത്താൻ സർക്കാർ അനുമതി നേരത്തെ നൽകിയിരുന്നു. ഇതിൽ ഇളവ് തൽക്കാലം നൽകില്ലെന്നാണ് സർക്കാർ അറിയിച്ചത്.

തമിഴ്‌നാട്ടിലും പുലർച്ചെ നാലിന് വിജയ് ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നിർമ്മാതാവ് എസ് എസ് ലളിത് കുമാർ തിങ്കളാഴ്ച ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രാവിലെ നാലുമണി ഷോ എന്ന നിർമ്മാതാവിന്റെ ആവശ്യത്തെ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. എന്നാൽ ചിത്രത്തിന് രാവിലെ 7 മണി ഷോ അനുവദിക്കുന്ന കാര്യം പരിഗണിക്കാൻ തമിഴ്‌നാട് സർക്കാറിനോട് കോടതി ആവശ്യപ്പെട്ടു. അതിലാണ് സർക്കാർ ഇപ്പോൾ മറുപടി നൽകിയത്.

ലിയോയുടെ റിലീസ് ഒക്ടോബർ 19നാണ്. കേരളത്തിൽ പുലർച്ചെ നാല് മണിക്ക് ചിത്രത്തിന് പ്രദർശനം ആരംഭിക്കും. എന്നാൽ തമിഴ്‌നാട്ടിൽ ഒമ്പത് മണിക്കാകും ചിത്രത്തിന്റെ പ്രദർശനം. അജിത്ത് നായകനായ തുനിവ് എന്ന ചിത്രത്തിന്റെ റിലീസിന് ഒരു ആരാധകൻ മരിച്ച സംഭവത്തെ തുടർന്നായിരുന്നു തമിഴ്‌നാട്ടിൽ പുലർച്ചെയുള്ള ഷോകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.

9 മണിക്ക് തമിഴ്‌നാട്ടിൽ ഷോ ആരംഭിക്കുന്നത് കേരളത്തിലും മറ്റും 4മണിക്ക് ഷോ ആരംഭിക്കുന്നതിനാൽ ചിത്രത്തെ നെഗറ്റീവായി ബാധിക്കുമോ എന്ന ആശങ്കയും നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നിർമ്മാതാവ് ഉന്നയിച്ചിരുന്നു.