ലയാളത്തിന്റെ മഹാനടന്റെ ഭാര്യയായിരിക്കുമ്പോഴും സ്വന്തമായി ഒരു മേൽവിലാസം സിനിമാ മേഖലയിൽ ഉണ്ടാക്കിയെടുക്കുക. ഇന്നത്തെ കാലത്ത് ഇങ്ങനെയൊരു സാധ്യത കുറച്ച് കൂടി എളുപ്പമാണെങ്കിലും വർഷങ്ങൾക്ക് മുൻപത്തെ സ്ഥിതി അതായിരുന്നില്ല. മാധ്യമങ്ങൾക്കൊന്നും പിടികൊടുക്കാതെ എന്ന തന്റെതായ ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുത്ത.. ഇന്നത്തെ താരദമ്പതികൾക്ക് പോലും മാതൃകയാക്കാൻ പറ്റുന്ന ഒരു വ്യക്തിത്വം.. സുചിത്ര മോഹൻലാൽ.. സുചിത്ര ബാലാജിയിൽ നിന്ന് സുചിത്ര മോഹൻലാൽ ആയപ്പോഴും അവർ ലക്ഷ്യം വച്ചത് ഈ ഐഡന്റിറ്റി തന്നെയാണ്..ജൂൺ മൂന്നിന് മറ്റൊരു പിറന്നാൾ ആഘോഷിക്കുമ്പോൾ..താര പത്നിയുടെ ജീവിത വഴികളെ അറിയാം..

ജനിച്ചതും വളർന്നതും സിനിമാ കുടുംബത്തിൽ

നടനും നിർമ്മാതാവുമായ കെ ബാലാജിയുടെ മകളായി ചെന്നൈയിൽ ജനിച്ചു വളർന്ന സുചിത്രയ്ക്ക് സിനിമാ ലോകം അപരിചിതമായിരുന്നില്ല. ചെറുപ്പം മുതലേ സിനിമ കുടുംബത്തിൽ ആയതുകൊണ്ട് തന്നെ കുട്ടിക്കാലം മുതലേ സുചിത്രക്കും സിനിമയോടു പ്രിയം ഉണ്ടായിരുന്നു. തന്റെ ജീവിതത്തെക്കുറിച്ച് ഒരഭിമുഖത്തിൽ സുചിത്ര തന്നെ പങ്കുവെച്ചത് ഇങ്ങനെയായിരുന്നു..എന്റെ പേരിനു മുൻപെ എന്നും വലിയവരുടെ പേരുണ്ടായിരുന്നു. ആദ്യം ബാലാജിയുടെ മകൾ സുചിത്ര, പിന്നീടു മോഹൻലാലിന്റെ ഭാര്യ സുചിത്ര, അതിനു ശേഷം സുരേഷ് ബാലാജിയുടെ സഹോദരി. ആരും എന്നെ സുചിത്ര മാത്രമായി കണ്ടിട്ടുണ്ടാകില്ല. പേരിന്റെ കൂടെ വളരെ വേണ്ടപ്പെട്ടവരെ ചേർത്തു പറയുന്നതു സന്തോഷമാണ്.

ഈ വാക്കുകളിൽ നിന്നു തന്നെ അവരുടെ ജീവിതവും വ്യക്തമാണ്. പക്ഷെ പേരിനോട് ചേർന്ന ഇ വിലാസത്തിൽ ആയിരുന്നില്ല അവർ സിനിമാ മേഖലയിൽ തന്റെ സ്ഥാനം കണ്ടെത്തിയത്. നിർമ്മാതാവായും മോഹൻലാലിന്റെ വ്യവസായങ്ങളുടെ മേൽനോട്ടത്തിലും സുചിത്രയുടെ സാന്നിദ്ധ്യം പ്രകടമായിരുന്നു. മോഹൻലാൽ തുടങ്ങി വച്ച മിക്ക ബിസിനെസ്സ് സംരംഭങ്ങളും നോക്കി നടത്തുന്നതിലും സുചിത്ര വഹിച്ച പങ്ക് ചെറുതല്ല. മോഹൻലാൽ സ്ഥാപിച്ച പ്രണവം ആർട്ട്സ് ഇന്റർനാഷണൽ എന്ന നിർമ്മാണ കമ്പനിയുടെ ഉടമ ആയിരുന്നു സുചിത്ര. 1998ൽ പുറത്തിറങ്ങിയ കന്മദം, ഹരികൃഷ്ണൻ എന്നീ രണ്ട് സിനിമകൾ ഒഴികെ മിക്കവാറും എല്ലാ ചിത്രങ്ങളും നിർമ്മിച്ചത് സുചിത്രയാണ്.

കത്തിലൊളിപ്പിച്ച പ്രണയവും ഫാൻ ഗേളിനെ വിവാഹം ചെയ്ത ഹീറോയും

ദിവസങ്ങൾക്ക് മുന്നെ സമൂഹമാധ്യമത്തിൽ വൈറലായ സംവിധായകൻ ജിസ്ജോയിയുടെ അഭിമുഖത്തിൽ പറയുന്ന ഒരു പരാമർശമുണ്ട്. ഒരു ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ലാലേട്ടനുമായി ഒരുമിച്ചുള്ള കാർ യാത്രക്കിടെ സുചിത്ര ചേച്ചിയുടെ ഫോൺ വന്നപ്പോൾ അവരുടെ സംസാരം കേട്ട് ഇപ്പോൾ പ്രേമിക്കുന്ന രണ്ട് പേർ സംസാരിക്കുന്നത് പോലെയാണ് തനിക്ക് തോന്നിയതെന്ന്. വീട്ടുകാർ ഉറപ്പിച്ച് നടത്തിയ വിവാഹമാണെങ്കിലും അതിന് പിന്നിൽ ആരുമറിയാതെ ഇരുവരും കത്തുകളിൽ ഒളിപ്പിച്ച ഒരു പ്രണയകഥയും സുചിത്രയുടെ സഹോദരൻ സുരേഷ് ബാലാജി ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

'മോഹൻലാലിന്റെ സിനിമകൾ കണ്ട് സുചിത്രയ്ക്ക് ലാലിനോട് കടുത്ത ആരാധനയായിരുന്നു. ഇരുവരും പരസ്പരം കത്തുകളെഴുതിയിരുന്നു. എന്നാൽ ഇതൊന്നും നമ്മളാരും അറിഞ്ഞിരുന്നില്ല. സുചിയിത് ഭയങ്കര സീക്രട്ടായി കൊണ്ട് നടന്നു. പിന്നെ അവളുടെ ഇഷ്ടം മനസിലായപ്പോൾ എന്റെയൊരു അമ്മായിയാണ് ലാലിന്റെ കുടുംബത്തിൽ പോയി സംസാരിച്ച് കല്യാണത്തിലേക്കെത്തിച്ചത്. വിവാഹം അറേഞ്ച്ഡ് ആയിരുന്നു. പക്ഷെ അതിന് മുന്നേ ലാൽ എന്ന് പറഞ്ഞാൽ സുചിക്ക് ഭ്രാന്തായിരുന്നെന്നും' സുരേഷ് ബാലാജി പറയുന്നു.

അക്ഷരാർത്ഥത്തിൽ ഒരു കോടീശ്വര പുത്രി തന്നെയായിരുന്നു സുചിത്ര. അക്കാലത്ത് മോഹൻലാലിനേക്കാൾ സാമ്പത്തികം കൊണ്ട് സുചിത്രയുടെ വീട്ടുകാർ ആയിരുന്നു മുൻപന്തിയിൽ നിന്നത് എന്നുപറഞ്ഞാൽ അതിൽ തെറ്റില്ല. എങ്കിലും അന്ന് സൂപ്പർ സ്റ്റാറായി വളർന്നുകൊണ്ടിരിക്കുന്ന മോഹൻലാലിനോടുള്ള മകളുടെ കടുത്ത ആരാധന കൊണ്ടുതന്നെ ലാലിന്റെ വീട്ടിലേക്ക് വിവാഹ ആലോചനക്ക് ബാലാജി ആളുകളെ നിയോഗിച്ചു. ഈ സംഭവത്തെക്കുറിച്ച് നിർമ്മതാവ് പിവി ഗംഗാധരൻ പറഞ്ഞതുപ്രകാരം ആ വിവാഹത്തിന് ബാലാജി നിയോഗിച്ചത് അദ്ദേഹത്തെ ആയിരുന്നു. ഒരു മീഡിയേറ്റർ എന്ന നിലയിൽ വിവാഹത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ലാലേട്ടന്റെ അച്ഛനെയും അമ്മയെയും ധരിപ്പിച്ചതും ഗംഗാധരൻ ആയിരുന്നു. അദ്ദേഹത്തിന്റെ ബെഡ് റൂമിൽ വച്ചാണ് ലാൽ - സുചിത്ര കൂടിക്കാഴ്ച ആദ്യമായി നടക്കുന്നത്.

ഒരു സിനിമാ കഥ പോലെ അവിടെയും വന്നു ഒരു ട്വിസ്റ്റ്. ജാതക ദോഷത്തിന്റെ പ്രശ്നങ്ങൾ ഉണ്ട് എന്ന തെറ്റായ ജ്യോതിഷം കണക്കുകൂട്ടൽ പ്രകാരം പിന്നെയും രണ്ടുവർഷത്തോളം ലാൽ സുചിത്ര വിവാഹം നീണ്ടു പോയി. പിന്നീട് നല്ലൊരു ജ്യോതിഷിയെ കണ്ട് ജാതകത്തിൽ വിഷയങ്ങൾ ഇല്ല എന്ന് കണ്ടെത്തി. വിവാഹവും നടന്നു. ഇൻഡസ്ട്രിയിൽ ആദ്യമായി ഒരു നായകൻ തന്റെ ഫാൻ ഗേളിനെ വിവാഹം കഴിച്ചതും ചിലപ്പോൾ ആദ്യം ആയിരുന്നിരിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സുചിത്രയും മോഹൻലാലും 1988 ഏപ്രിൽ 28 നായിരുന്നു വിവാഹം കഴിച്ചത്. ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലായിരുന്നു വിവാഹം.

റോഡ് സ്റ്റിവാർട്ടിന്റെ ആരാധിക

സർ റോഡ് സ്റ്റിവാർട്ട് എന്നറിയപ്പെടുന്ന സർ റോഡ്രിക്ക് ഡേവിഡ് സ്റ്റിവാർഡ് ലോകമെമ്പാടും ആരാധകരുള്ള പോപ്പ് ഗായകനാണ്. ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിഞ്ഞ കലാകാരന്മാരുടെ ലിസ്റ്റിലും മുൻപന്തിയിലാണ് സ്റ്റിവാർട്ട്. ഇദ്ദേഹത്തിന്റെ കടുത്ത ആരാധികയാണ് സുചിത്ര. മകൾ വിസ്മയ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒരു കുറിപ്പിലൂടെയും വീഡിയോയിലുടെയുമാണ് സുചിത്രയുടെ ഈ അരാധന പുറം ലോകമറിയുന്നത്.

'ടീനേജ് കാലം മുതൽ സ്റ്റുവാർട്ടിന്റെ ഫാൻ ഗേളായ രണ്ടുപേർ. ഓരോ വരികളും അവർക്കു കാണാപ്പാഠമാണ്. ഹൃദയം തുറന്ന് അവരൊപ്പം പാടുന്നത് കണ്ടോ? 'എന്റെ അമ്മയുടെയും ആന്റിയുടെയും സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നു.എന്റെ അമ്മയ്ക്ക് ഇത് എത്രമാത്രം പ്രധാനമാണെന്ന് അമ്മയെ അറിയുന്നവർക്ക് അറിയാം എന്നുമായിരുന്നു 'ബ്രിട്ടീഷ് റോക്ക്/പോപ്പ് ഗായകനായ റോഡ് സ്റ്റിവാർട്ടിന്റെ പെർഫോമൻസ് ആസ്വദിക്കുന്ന സുചിത്ര മോഹൻലാലിനെയാണ് വീഡിയോ സഹിതം പങ്കുവെച്ച് മകൾ വിസ്മയ സമൂഹമാധ്യമത്തിൽ കുറിച്ചത്.

തിയേറ്ററിൽ രണ്ടു വട്ടം കണ്ടത് മൂന്നേ മൂന്ന് സിനിമകൾ

ജനുവരി 26 നാണ് സുചിത്രയുടെ അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം. ഒട്ടേറെ സവിശേഷതകളുള്ള ഈ ദിവസത്തെക്കുറിച്ച് ഇന്നും സുചിത്ര ഓർത്തെടുക്കുന്നുണ്ട്. കസവു മുണ്ടുടുത്തു അച്ഛൻ ബാലാജിയും അമ്പലത്തിൽ പോകുന്ന വേഷത്തിൽ അമ്മ ആനന്ദവല്ലിയും. വണ്ടിയുടെ പുറകു സീറ്റിൽ നിറയെ പുത്തൻ സാരികൾ നിറച്ച കവർ. രാവിലെ അമ്പലത്തിൽ പോയാൽ നേരെ സാരിക്കടയിലേക്കാണു പോകുക. സാരികൾക്കും മധുരത്തിനുമെല്ലാം പുറമെ അമ്മയ്ക്ക് അച്ഛൻ നൽകിയിരുന്നൊരു വിവാഹ വാർഷിക സമ്മാനമുണ്ട്. അതൊരു സിനിമയാണ്.

ആ ദിവസം എന്തായാലും ഒരു തമിഴ് സിനിമ റിലീസ് ചെയ്തിരിക്കും. ആദ്യ ഷോയുടെ ആദ്യ ടിക്കറ്റ് ആനന്ദവല്ലിയും കുട്ടികളും കൂടി തിയറ്ററിൽപ്പോയി ആർക്കെങ്കിലും സമ്മാനിക്കുകയും ചെയ്യും. തമിഴ് സിനിമയിലെ തലയെടുപ്പുള്ള നിർമ്മാതാവും നടനുമെല്ലാമായിരുന്നു അന്നു ബാലാജി. ശിവാജി ഗണേശന്റെ കുടുംബത്തിനു കിട്ടുന്ന അതേ ആദരവായിരുന്നു ചെന്നൈ തങ്ങൾക്കും നൽകിയിരുന്നതെന്ന് സുചിത്ര അഭിമുഖത്തിൽ ഓർത്തെടുത്തിരുന്നു.

ഇതിന് പുറമെ മറ്റൊരു തരത്തിലും ജനുവരി 26 സുചിത്രയുടെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ദിവസമാണ്.വർഷങ്ങൾക്കു ശേഷം ഒരു ജനുവരി 26 നാണ് മകൻ പ്രണവ് മോഹൻലാലിന്റെ ആദ്യ തിയേറ്ററിലെത്തിയത്. അന്ന് ആദ്യ ഷോയും രാത്രി ഷോയും കണ്ടു. ഇതിനു മുൻപു രണ്ടു സിനിമ മാത്രമെ സുചിത്ര ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടിട്ടുള്ളു.അത് മണിചിത്രത്താഴും പുലിമുരുകനുമാണ്.

ഇന്ന് ലോകത്തിന്റെ എല്ലാ സ്നേഹവും നിന്നിൽ നിറയട്ടെയെന്ന് മോഹൻലാൽ

മറ്റൊരു പിറന്നാൾ കൂടി എത്തുമ്പോൾ പതിവ് പോലെ ഭാര്യയ്ക്ക് ആശംസകളുമായി മോഹൻലാലെത്തി. പ്രിയപ്പെട്ട ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് മോഹൻലാൽ പങ്കുവച്ച ഫോട്ടോയും വിഷസുമാണ് ഇപ്പോൾ വൈറലാവുന്നത്. മിനിട്ടുകൾക്ക് മുൻപ് പങ്കുവച്ച ഫോട്ടോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ഇന്ന് സുചിത്ര മോഹൻലാലിന്റെ ജന്മദിനമാണ്. അമ്മയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് രാവിലെ തന്നെ വിസ്മയ ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ അത്രയ്ക്ക് സജീവമല്ലാത്ത വിസ്മയ, അമ്മയുടെ പിറന്നാളിനോടനുബന്ധിച്ച് രാവിലെ തന്നെ ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചത് കൗതുകമായിരുന്നു. 'ഹാപ്പി ബേർത്ത്‌ഡേ സുന്ദരിയായ അമ്മ' എന്നായിരുന്നു മായയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. അമ്മയ്‌ക്കൊപ്പമുള്ള ഏതാനും ചിത്രങ്ങളും താരപുത്രി പങ്കുവച്ചു.

അല്പം താമസിച്ചുവെങ്കിലും ജീവിത പങ്കാളിക്ക് ആശംസകൾ അറിയിച്ച് മോഹൻലാലും ഇൻസ്റ്റഗ്രാമിൽ എത്തി.സുചിത്രയെ ചേർത്തുപിടിച്ച് നിൽക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് ലാലേട്ടന്റെ പോസ്റ്റ്. 'ഇന്നത്തെ ദിവസം തനിക്ക് ലോകത്തെ എല്ലാ സന്തോഷങ്ങളും കിട്ടട്ടെ എന്നാശംസിക്കുന്നു. പ്രിയപ്പെട്ട സുചി ഹാപ്പി ബർത്ത് ഡേ' എന്നാണ് മോഹൻലാൽ ചിത്രത്തിനൊപ്പം കുറിച്ചത്.നിരവധി ആരാധകരമാണ് മോഹൻലാലിന്റെ പോസ്റ്റിന് താഴെ താരപത്‌നിക്ക് ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്. മിനിട്ടുകൾക്കകം മോഹൻലാലിന്റെ പോസ്റ്റ് വൈറലാകുകയും ചെയ്തു.