കൊച്ചി: ജയിലർ സിനിമ വൻ വിജയം ആയപ്പോൾ നിർമ്മാതാക്കൾ രജനീകാന്തിനും സംവിധായകൻ നെൽസണും വലിയ സമ്മാനങ്ങൾ നൽകിയത് വൻ വാർത്തയായിരുന്നു. ഈ ട്രന്റ് മലയാള സിനിമയിലേക്കും കടന്നു വരികയാണ്.  'ഗരുഡൻ' സിനിമയുടെ വൻ വിജയത്തിന് പിന്നാലെ സംവിധായകൻ അരുൺ വർമ്മക്ക് ഇരുപത് ലക്ഷം വില വരുന്ന കിയാ സെൽട്ടോസ് സമ്മാനമായി നൽകി ലിസ്റ്റിൻ സ്റ്റീഫൻ.

അന്യഭാഷാ സിനിമകൾ വൻ വിജയം കൊയ്യുമ്പോൾ നിർമ്മാതാക്കൾ സംവിധായകനും നടന്മാർക്കും വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകുന്നത് സാധാരണമാണ്. എന്നാൽ മലയാള സിനിയുടെ ചരിത്രത്തിൽ ഇതാദ്യമാണ്.

മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതി അരുൺ വർമ്മ സംവിധാനം ചെയ്ത ഗരുഡൻ ഗംഭീര വിജയമായതോടെയാണ് ലാഭവിഹിതത്തിൽ നിന്നും വിലപിടിപ്പുള്ള സമ്മാനം ലിസ്റ്റിൻ നൽകിയത്. സ്നേഹ സമ്മാനം സന്തോഷത്തോടെ സ്വീകരിക്കുന്ന അരുൺ വർമയുടെ ചിത്രവും ലിസ്റ്റിൻ പങ്കുവെച്ചു. ലിസ്റ്റിൻ സ്റ്റീഫൻ കാറിന്റെ താക്കോൽ സമ്മാനിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

നവംബർ മൂന്നിനാണ് ആണ് ഗരുഡൻ റിലീസായത്. സുരേഷ് ഗോപി - ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം രണ്ടാം വാരം പിന്നിടുമ്പോഴും തിയേറ്ററുകൾ നിറഞ്ഞാണ് പ്രദർശനം തുടരുന്നത്. 12 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന സുരേഷ് ഗോപി - ബിജു മേനോൻ കൂട്ടുക്കെട്ട് പ്രേക്ഷകർക്കിടയിൽ ഒരു തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. അഞ്ചാംപാതിരാക്ക് ശേഷം മിഥുൻ മാനുവൽ തിരക്കഥ ഒരുക്കുന്ന ത്രില്ലർ ചിത്രമാണിത്.