- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിയോയിലെ 'നരബലി' പ്രശ്നമാകുമെന്നു പറഞ്ഞതോടെ അയാൾ ഫോൺ കട്ട് ചെയ്തു
ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജിനെയും 'ലിയോ' സിനിമയെയും വിമർശിച്ച് നടൻ വിജയ്യുടെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ. സിനിമയിലെ നരബലി രംഗങ്ങൾ പ്രേക്ഷകർ അംഗീകരിക്കില്ലെന്നും രണ്ടാം പകുതിയിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും ചൂണ്ടിക്കാണിച്ചപ്പോൾ ലോകേഷ് ഫോൺ വച്ചുപോയെന്നാണ് ചന്ദ്രശേഖറിന്റെ വെളിപ്പെടുത്തൽ. സംവിധായകന്റെയോ സിനിമയുടെയോ പേര് വെളിപ്പെടുത്തിയില്ലെങ്കിലും ചിത്രത്തിലെ 'നരബലി' രംഗത്തെക്കുറിച്ച് ചന്ദ്രശേഖർ പരാമർശിക്കുകയുണ്ടായി.
"ഒരു സിനിമ വിജയമാകണമെങ്കിൽ ആദ്യം അതിന്റെ തിരക്കഥ നല്ലതായിരിക്കണം. തിരക്കഥ മികച്ചതാണെങ്കിൽ ആര് അഭിനയിച്ചാലും ആ സിനിമ വിജയമായിരിക്കും. എന്റെ മകൻ വിജയ്യുടെ കരിയറിലും ഇതുപോലെ എത്രയോ സിനിമകൾ ഉണ്ടായിട്ടുണ്ട്. 'തുള്ളാതെ മനവും തുള്ളും' എന്ന സിനിമ വിജയ്യുടെ കരിയറിലെ ഒരു നാഴികക്കല്ലാണ്. ഇതുപോലൊരു പത്ത് സിനിമയേ ഉണ്ടാകുകയുള്ളൂ. അതിൽ ഒന്നാണ് 'തുള്ളാതെ മനവും തുള്ളും'.ഏതൊരു നടനും ഉയർന്നു വരാൻ കാരണം തിരക്കഥാകൃത്തുക്കളാണ്. അത് ഞാൻ എവിടെ വേണമെങ്കിലും വിളിച്ചു പറയും.
വിജയ്യുടെ അച്ഛനായല്ല ഞാൻ കഥകൾ കേൾക്കാറുള്ളത്. സാധാരണ പ്രേക്ഷകൻ എന്ന നിലയിൽ കേൾവിക്കാരനായി ഇരിക്കും, ചില ചോദ്യങ്ങളും സംശയങ്ങളും ചോദിക്കും. ഇപ്പോ തിരക്കഥകൾക്ക് ആരും മര്യാദ കൊടുക്കുന്നില്ല, ഒരു നായകനെ കിട്ടിയാൽ മതി എന്ന അവസ്ഥയാണ്. പടം എങ്ങനെയെങ്കിലുമൊക്കെ എടുക്കും. ഇപ്പോഴുള്ള പ്രേക്ഷകനും നായകനെ കാണാനാണ് തിയറ്ററുകളിൽ വരുന്നത്. അവന് കഥയോ തിരക്കഥയോ പ്രശ്നമല്ല. അങ്ങനെ ആ ഹീറോ കാരണം പടം ഓടുന്നു, ചിലരൊക്കെ അതോടെ വലിയ സംവിധായകരായി മാറുകയും ചെയ്യും. അതേ സിനിമകൾ നല്ല തിരക്കഥകളോടെ വരുകയാണെങ്കിൽ ഇരട്ടി വിജയം നേടാനാകും.
അടുത്തിടെ ഇറങ്ങിയ ഒരു ചിത്രം റിലീസിന് അഞ്ച് ദിവസം മുൻപ് കാണുവാൻ എനിക്ക് അവസരം ഉണ്ടായി. അതിന് പിന്നാലെ അതിന്റെ സംവിധായകനെ ഞാൻ ഫോണിൽ വിളിച്ചു. സിനിമ നല്ലതാണ് എന്നാണ് പറഞ്ഞത്. ചിത്രത്തിന്റെ ആദ്യപകുതി ഗംഭീരമാണെന്നും ഒരു സിനിമ എങ്ങനെ എടുക്കണമെന്നത് നിങ്ങളിൽ നിന്നാണ് പഠിക്കേണ്ടതെന്നും ഞാൻ പറഞ്ഞു. അതെല്ലാം അദ്ദേഹം ക്ഷമയോടെ കേട്ടു. എന്നാൽ രണ്ടാം പകുതിയിലെ ചില പ്രശ്നങ്ങൾ പറഞ്ഞു. അതോടെ അയാൾ പറഞ്ഞു, 'സർ ഞാൻ ഭക്ഷണം കഴിക്കുകയാണ് പിന്നെ വിളിക്കാമെന്ന്'. ഞാൻ നല്ലതു പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഭക്ഷണം കഴിക്കുന്ന കാര്യം പറഞ്ഞില്ല, എന്നാൽ സിനിമയെക്കുറിച്ച് മോശം പറഞ്ഞു തുടങ്ങിയതോടെ ഫോൺ കട്ടാക്കി പോയി.
രണ്ടാം പകുതിയിൽ ചില ചടങ്ങുകൾ കാണിക്കുന്നുണ്ട്. അതിൽ അച്ഛൻ സമ്പത്തും ബിസിനസും വർധിക്കാൻ സ്വന്തം മക്കളെ ബലി കൊടുക്കാൻ ഒരുങ്ങുന്നത് ആരും വിശ്വസിക്കില്ല. ആ ഭാഗം ചിലപ്പോൾ നന്നായി വരാൻ സാധ്യതയില്ല എന്നാണ് ഞാൻ പറഞ്ഞത്. ഇത് കേട്ട ഉടനെയാണ് പിന്നെ വിളിക്കാം എന്ന് പറഞ്ഞ് സംവിധായകൻ ഫോൺ വച്ചത്. എന്നാൽ പിന്നീട് ഒരിക്കലും വിളിച്ചുമില്ല. ചിത്രം തിയറ്ററിൽ എത്തിയപ്പോൾ ആളുകൾ ഏറ്റവും കൂടുതൽ കുറ്റം പറഞ്ഞതും ഈ ഭാഗത്തെക്കുറിച്ചാണ്.
നമ്മൾ പറയുന്ന കാര്യങ്ങൾ തിരിച്ചറിഞ്ഞ്, വേണമെങ്കിൽ അത് മാറ്റി എടുക്കാം. അഞ്ച് ദിവസം സമയമുണ്ടായിരുന്നു. വിമർശനങ്ങളെ നേരിടാനുള്ള ധൈര്യവും സ്വീകരിക്കാനുള്ള പക്വതയും സംവിധായകർക്ക് ഉണ്ടാകണം. ചന്ദ്രശേഖർ പറഞ്ഞു.