- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുതിച്ചുപായാന്‍ 'ആസിഫ് അലി'; ദുബായ് മറീനയില്‍ നടന്റെ പേരില്‍ പുനര്‍നാമകരണം ചെയ്ത് ആഡംബര നൗക; ലൈസന്‍സിലും പേരും മാറ്റും
ദുബായ്: നടന് ആസിഫ് അലിക്ക് ആദരവും പിന്തുണയും അറിയിച്ച് ആഡംബര നൗകയ്ക്ക് അദ്ദേഹത്തിന്റെ പേരു നല്കി. ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു മാറ്റിയത്. നൗകയില്‍ ആസിഫ് അലി എന്നു പേരു പതിപ്പിച്ചു കഴിഞ്ഞു. റജിസ്ട്രേഷന് ലൈസന്‍സിലും പേരു മാറ്റും. സംഗീത സംവിധായകന് രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിഷയം പക്വതയോടെ കൈകാര്യം ചെയ്തുകൊണ്ട് എല്ലാവര്ക്കും മാതൃകയായതിനാണ് നടന് ആദരവും പിന്തുണയും അറിയിച്ചുകൊണ്ട് ആഡംബര നൗകയ്ക്ക് നടന്റെ പേര് നല്‍കിയത്.
പല നിലയില്‍ വഷളാകുമായിരുന്ന വിഷയം പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവര്ക്കും മാതൃകയാണെന്ന് ഡി3 ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഷെഫീഖ് മുഹമ്മദ് അലി പറഞ്ഞു. വര്‍ഗീയവിദ്വേഷം വരെ അഴിച്ചുവിടാന്‍ ചിലര്‍ ശ്രമിച്ചു. അത്തരം നീക്കങ്ങളെ ചിരിയോടെ നേരിട്ട ആസിഫ് അലി, നിര്‍ണായകഘട്ടങ്ങളില്‍ മനുഷ്യര്‍ എങ്ങനെയാണു പെരുമാറേണ്ടതെന്നു കാണിച്ചുതന്നുവെന്നും ഷെഫീഖ് പറഞ്ഞു. സംരംഭകര്‍ പത്തനംതിട്ട സ്വദേശികള്‍ ആയതിനാല്‍ ജില്ലയുടെ വാഹന റജിസ്ട്രേഷനിലെ 3 ഉള്‍പ്പെടുത്തിയാണ് കമ്പനിക്കു ഡി3 എന്ന പേരു നല്‍കിയത്.
എം ടി വാസുദേവന്‍ നായരുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന 'മനോരഥങ്ങള്‍' എന്ന ആന്തോളജിയുടെ ട്രെയ്ലര് ലോഞ്ചിനിടെയായിരുന്നു ആസിഫ് അലിയില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങാതെ രമേശ് നാരായണ്‍ അപമാനിച്ചത്. ചടങ്ങില്‍ പുരസ്കാരം നല്കാന് നടന് ആസിഫ് അലിയെയാണ് ക്ഷണിച്ചത്. ആസിഫ് അലി വരുകയും രമേഷ് നാരായണിന് പുരസ്കാരം നല്‍കുകയും ചെയ്തു. എന്നാല്‍ താല്പ്പര്യമില്ലാതെ, ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ പുരസ്കാരം വാങ്ങി സംവിധായകന് ജയരാജനെ വേദിയില്‍ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്ത് പുരസ്കാരം രണ്ടാമതും ഏറ്റുവാങ്ങുകയാണ് ചെയ്തത്.
രമേശ് നാരായണ്‍ തന്നെ മനഃപൂര്‍വം അപമാനിച്ചതല്ലെന്നാണ് നടന് ആസിഫ് അലി വിഷയത്തില്‍ പ്രതികരിച്ചത്. തന്നെ വിളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നുവെന്നും തനിക്ക് യാതൊരു വിഷമവുമില്ലെന്നുമായിരുന്നു ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞത്. 'ലോകത്തുള്ള എല്ലാ മലയാളികളും എനിക്ക് ഒരു പ്രശ്നം വന്നുവെന്ന് പറഞ്ഞപ്പോള്‍ കൂടെയുണ്ടായി എന്നത് സന്തോഷമാണ്. അദ്ദേഹം ജയരാജിന്റെ കയ്യില്‍നിന്നാണ് മൊമെന്റോ സ്വീകരിക്കാന്‍ ആഗ്രഹിച്ചത്. അദ്ദേഹം വന്നപ്പോള്‍ തന്നെ എന്റെ റോള്‍ കഴിഞ്ഞു. ഞാന്‍ അത് കാര്യമായെടുത്തിട്ടില്ലെന്നും ഈ വിഷയം ഇവിടെ അവസാനിപ്പിക്കണം', എന്നും ആസിഫ് അലി പറഞ്ഞത്.