തിരുവനന്തപുരം: അധിക്ഷേപ കമന്റിട്ട ആൾക്ക് ചുട്ട മറുപടിയുമായി നടി മാലാ പാർവതി. ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന സിനിമ കണ്ടു മികച്ച അഭിപ്രായം കുറിച്ച പോസ്റ്റിന് വന്ന കമന്റിനാണ് കുറിക്കു കൊള്ളുന്ന മറുപടിയുമായി മാലാ പാർവതി എത്തിയത്. നേര് സിനിമ കണ്ടിട്ട് താരങ്ങളെ ഓരോരുത്തരെയും ജീത്തു ജോസഫിനെയും അഭിനന്ദിച്ച് മാലാ പാർവതി കുറിപ്പ് പങ്കുവെച്ചിരുന്നു.

എന്നാൽ, പോസ്റ്റ് നെഗറ്റീവായി കണ്ട് ചിലർ രംഗത്തെത്തി. ഇങ്ങനെയൊക്കെ പറയാൻ എത്ര രൂപ കിട്ടി? എന്ന കമന്റുമായി ഒരാളെത്തിയതായിരുന്നു മാലാ പാർവതിയെ ചൊടിപ്പിച്ചത്. സ്വിസ്സ് ബാങ്കിലെ അക്കൗണ്ടിലാണ് പണം വന്നത് അതുകൊണ്ടു എത്രയാണ് വന്നതെന്ന് ഓർമയില്ല എന്നായിരുന്നു ഇതിന് മാലാ പാർവതി നൽകിയ മറുപടി.

മാലാ പാർവതിയുടെ പോസ്റ്റ് ഇങ്ങനെ:

ജീത്തു ജോസഫ് സംവിധാനം ചെയ്ത, ലാൽ സർ ചിത്രം''നേര് ' കണ്ടു.അഭിനേതാക്കളുടെ ഗംഭീര പ്രകടനവും, സക്രിപ്റ്റും !ലാൽ സാർ, സിദ്ദിഖ് സർ, ജഗദീഷ് ചേട്ടൻ, അനശ്വര! വേറെ ലെവൽ. Anaswara Rajan Terrific Performance. Lived every moment.Amazing.

അനശ്വരയുടെ കഥാപാത്രവും, ഉപ്പയായി അഭിനയിക്കുന്ന ജഗദീഷേട്ടന്റെ കഥാപാത്രവും തമ്മിലുള്ള ഒരു ബോൺ ഡിംഗും ,കണക്ടും ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. സിദ്ദിഖ് സർ.. ന്റെ ക്രിമിനൽ വക്കീൽ വേറെ ലെവൽ.ലാൽ സാറിന്റെ, തികച്ചും വ്യത്യസ്തമായ, ആത്മവിശ്വാസമില്ലാത്ത, തോൽക്കും എന്ന് ഭയമുള്ള വക്കീലായിട്ടുള്ള പകർന്നാട്ടം സൂക്ഷ്മവും കൃത്യവും.

Jeethu Joseph മലയാളത്തിന് നൽകിയ വ്യത്യസ്തമായ ചിത്രമാണ് 'നേര്'. ശ്രീ ഗണേശ് കുമാർ,ശാന്തി മായാദേവി, പ്രിയാമണി,ശ്രീ ധന്യ, രശ്മി അനിൽ തുടങ്ങി നടീ നടന്മാർ എല്ലാം ഗംഭരമായി. എന്നാണ് മാലാ പാർവതി ഫേസ്‌ബുക്കിൽ കുറിച്ചത്.