മുംബൈ: ഒരു കാലത്ത് ഇന്ത്യൻ സിനിമാ പ്രേമികളുടെ ഇഷ്ട നായികയായിരുന്നു ജൂഹി ചൗള. ബോൡവുഡിലെ സ്വപ്‌ന സുന്ദരി. ഇടവേളക്ക് ശേഷം ഇപ്പോഴും അഭിനയത്തിൽ സജീവമാണ് അവർ. ഇപ്പോൾ ജൂഹി ചൗളയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ മാധവൻ. ഒരു കാലത്ത് താൻ ജൂഹി ചൗളയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെന്നും തന്റെ ലക്ഷ്യം തന്നെ അതായിരുന്നു എന്നുമാണ് മാധവൻ പറയുന്നത്.

'എനിക്ക് ഒരു കുറ്റസമ്മതം നടത്താനുണ്ട്. ഖയാമത്ത് സേ ഖയാമത്ത് തക് എന്ന സിനിമ കണ്ടശേഷം ഞാൻ എന്റെ അമ്മയോട് പറഞ്ഞു, എനിക്ക് ജൂഹി ചൗളയെ വിവാഹം കഴിക്കണമെന്ന്. എനിക്ക് ഒരു ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്. ജൂഹി ചൗളയെ വിവാഹം കഴിക്കുക.'- മാധവൻ പറഞ്ഞു.

ഇരുവരും അഭിനയിക്കുന്ന ദ് റെയിൽവേ മെൻ എന്ന സീരിസിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. സീരീസിൽ തന്റെ ഭാഗം ചിത്രീകരിച്ചതിനു ശേഷമാണ് ജൂഹി ചൗളയുടെ ഭാഗം ചിത്രീകരിച്ചത്. അതിനാൽ ഒന്നിച്ച് അഭിനയിക്കാനായില്ലെന്നും മാധവൻ കൂട്ടിച്ചേർത്തു.