കൊച്ചി: മോഹൻലാൽ-ലിജോ ജോസ് പല്ലിശ്ശേരി കൂട്ടുകെട്ടിൽ ഇറങ്ങുന്ന സിനിമയായ മലൈക്കോട്ടൈ വാലിബാൻ നാളെ റിലീസ് ചെയ്യുകയാണ്. ലിജോയുടെ ചിത്രത്തിൽ മോഹൻലാൽ എന്ന അഭിനയ പ്രതിഭ കൂടി ചേരുമ്പോൾ ഉണ്ടാകുന്ന ഔട്ടുപുട്ട് എന്താകുമെന്ന ആവേശത്തിലാണ് ആരാധകർ. എന്നാൽ അമിത പ്രതീക്ഷ വിനയാകുമോ എന്ന ആശങ്കയും ഇതിനിടെ ഉയരുന്നുണ്ട്.

മലൈക്കോട്ടൈ വാലിബൻ ഒരു മാസ് ചിത്രമായി മാത്രം കാണരുതെന്ന് മോഹൻലാൽ ആരാധകരെ ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ്. ഇന്നലെ എക്സിൽ മോഹൻലാൽ ഫാൻസ് സംഘടിപ്പിച്ച ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തെ ഒരു മാസ് ചിത്രമായി മാത്രം കാണരുത്. അതിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു ക്ലാസ് ഉണ്ട്. ഒരു മാജിക്കുള്ള ചിത്രം കൂടിയാണ് വാലിബൻ. ഇതൊക്കെ മനസിൽ വിചാരിച്ചു വേണം ചിത്രം കാണാനെന്നും മോഹൻലാൽ പറഞ്ഞു.

നാളെ പുലർച്ചെ 6.30 നാണ് കേരളത്തിൽ ചിത്രത്തിന്റെ ആദ്യ പ്രദർശനങ്ങൾ ആരംഭിക്കുന്നത്. റിലീസിന് ആറ് ദിവസം മുൻപേ ചിത്രത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചിരുന്നു. അതിന്റെ ഗുണം ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷനിൽ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിങ് കളക്ഷനുകളിൽ ഒന്ന് വാലിബൻ നേടുമെന്നാണ് ചലച്ചിത്ര വ്യവസായത്തിന്റെ പ്രതീക്ഷ.

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് നിർമ്മിക്കുന്നത്. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠൻ ആചാരി, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.