- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ പോയാൽ ഒരു വർഷത്തിൽ കൂടുതൽ അവർ എന്നെ ഓർത്തിരിക്കില്ല; മമ്മൂട്ടി
കൊച്ചി: ഈ ലോകം വിട്ടുപോയാൽ തന്നെ ഒരു വർഷത്തിൽ കൂടുതൽ ആരും ഓർക്കില്ലെന്ന് നടൻ മമ്മൂട്ടി. ആയിരക്കണക്കിന് അഭിനേതാക്കളിൽ ഒരാൾ മാത്രമാണ് താനെന്നും താരം പറഞ്ഞു. പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഖാലിദ് അൽ അമേരിക്കു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.
ലോകം എങ്ങനെയാണ് മമ്മൂട്ടി എന്ന അഭിനേതാവിനെ ഓർക്കേണ്ടത് എന്ന് ഖാലിദിന്റെ ചോദ്യത്തിനാണ് മമ്മൂട്ടി ഹൃദയസ്പർശിയായ മറുപടി നൽകിയത്. 'എത്ര നാൾ അവരെന്നെ ഓർക്കും? ഒരു വർഷം. 10 വർഷം, 15 വർഷം? അതു കഴിഞ്ഞാൽ തീർന്നു. ലോകാവസാനം വരെ മനുഷ്യർ ഓർത്തിരിക്കണമെന്നു നമ്മൾ പ്രതീക്ഷിക്കരുത്. അങ്ങനെയൊന്നും ആർക്കും സംഭവിക്കില്ല. മഹാരഥന്മാരെ പോലും വളരെ കുറച്ചു പേരാണ് ഓർത്തിരിക്കുന്നത്. ആയിരക്കണക്കിന് അഭിനേതാക്കളിൽ ഒരാൾ മാത്രമാണ് ഞാൻ. ഒരു വർഷത്തിൽ കൂടുതൽ അവർ എന്നെ ഓർത്തിരിക്കുമെന്ന പ്രതീക്ഷ എനിക്കില്ല. ഒരിക്കൽ നിങ്ങൾ ഈ ലോകം വിട്ടു പോയാൽ, നിങ്ങൾ അത്തരം കാര്യങ്ങളെക്കുറിച്ച് അറിയുക പോലുമില്ല. എല്ലാവരും ചിന്തിക്കുന്നത് ലോകാവസാനം വരെ അവർ ഓർമിക്കപ്പെടുമെന്നാണ്. എന്നാൽ, അങ്ങനെ നടക്കില്ല.'- മമ്മൂട്ടി പറഞ്ഞു.
സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് മമ്മൂട്ടിയുടെ വിഡിയോ. നിരവധി ആരാധകരാണ് താരത്തിന്റെ വാക്കുകളോട് വികാരഭരിതമായി പ്രതികരിക്കുന്നത്. സിനിമയുള്ളിടത്തോളം കാലം മമ്മൂട്ടി എന്ന നടൻ ഓർമിക്കപ്പെടുമാണ് ആരാധകർ കുറിക്കുന്നത്.
സിനിമയോടുള്ള തന്റെ അടങ്ങാത്ത സ്നേഹത്തേക്കുറിച്ചും മമ്മൂട്ടി പ്രതികരിച്ചു. സിനിമ ഒരിക്കലും തന്നെ മടുപ്പിച്ചിട്ടില്ലെന്നും, ഒരു പക്ഷേ അങ്ങനെ സംഭവിക്കുന്നത് തന്റെ അവസാന ശ്വാസത്തോടെയായിരിക്കുമെന്നുമാണ് മമ്മൂട്ടി പറഞ്ഞത്. വൈശാഖ് സംവിധാനം ചെയ്ത ടർബോ ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രം.