കൊച്ചി: മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ സിനിമാലോകത്തുള്ളവരുമായി നല്ല അടുപ്പം കാത്തുസൂക്ഷിക്കുന്നയാളാണ്. ഇപ്പോഴിതാ പ്രമുഖ മലയാള സിനിമാ നിർമ്മാതാവായ പിവി ഗംഗാധരന്റെ വേർപാടിനെക്കുറിച്ച് സങ്കടത്തിൽ കുതിർന്ന വാക്കുകൾ കുറിച്ചിരിക്കുകയാണ് മഞ്ജുവാര്യർ.

പ്രമുഖ മലയാള സിനിമാ നിർമ്മാതാവും മാതൃഭൂമി മുഴുവൻ സമയ ഡയറക്ടറുമായ പിവി ഗംഗാധരൻ അന്തരിച്ച വാർത്ത സങ്കടത്തോടെയാണ് സിനിമാലോകം കേട്ടത്. അങ്ങാടി, അഹിംസ, കാറ്റത്തെ കിളിക്കൂട്, വാർത്ത, ഒരു വടക്കൻ വീരഗാഥ , എന്ന് സ്വന്തം ജാനകിക്കുട്ടി , വീണ്ടും ചില വീട്ടുകാര്യങ്ങൾ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ശാന്തം, യെസ് യുവർ ഓണർ, തുടങ്ങി ഇരുപതിലേറെ ഹിറ്റ് സിനിമകൾ നിർമ്മിച്ച ഗംഗാധരനെ അനുസ്മരിക്കുകയാണ് സിനിമാലോകം.

ഇപ്പോഴിതാ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജുവാര്യർ തന്റെ സങ്കടം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിരിക്കുകയാണ്. തൂവൽക്കൊട്ടാരമെന്ന സിനിമ ചെയ്തതിന്റെ സന്തോഷവും അതിലൂടെ കിട്ടിയ പരിഗണനയും താരം കുറിച്ചിട്ടുണ്ട്. ''വിട...പ്രിയപ്പെട്ട പി.വി.ജി... ഒരുമിച്ച് ഒരു സിനിമയേ ചെയ്തുള്ളൂ. പക്ഷേ പേരു പോലെ തന്നെ അതെനിക്ക് സമ്മാനിച്ചത് എല്ലാക്കാലത്തേക്കുമുള്ള അടുപ്പത്തിന്റെ വലി?യൊരു തൂവൽക്കൊട്ടാരമാണ്. എല്ലാക്കാലവും എന്നെ കുടുംബാംഗത്തെപ്പോലെ കണ്ട, എന്നും കരുതൽ തന്ന പി.വി.ജിക്ക് ആദരാഞ്ജലി...'' മഞ്ജുവാര്യർ കുറിച്ചു.