കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് വൻ വിജയമായി മാറിയതിനു പിന്നാലെ അന്ന് നടന്ന പൊലീസ് അതിക്രമത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്‌നാട് പൊലീസ്. അന്ന് പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇക്കാര്യമാണ് സിനിമയിലും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, 18 വർഷത്തിനു ശേഷം പ്രഖ്യാപിച്ച അന്വേഷണം അനാവശ്യമാണ് എന്നാണ് സംവിധായകൻ പറയുന്നത്. നിയന്ത്രണമുള്ള പ്രദേശത്തേക്ക് അവർ കടന്നു കയറിയതാണെന്നും പൂർണമായി പൊലീസിനെ കുറ്റം പറയാനാവില്ല എന്നുമാണ് ചിദംബരം പറഞ്ഞത്.

ആ പ്രദേശത്തേക്ക് അവർ കടന്നു കയറിയതാണ്. പൊലീസുകാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കൊലപാതകവും കൊലപാതക ശ്രമവും ആത്മഹത്യയുമെല്ലാം നടക്കുന്ന സ്ഥലമാണ് അത്. അതൊരു തെരഞ്ഞെടുപ്പ് സമയം കൂടിയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് പൊലീസുകാരെല്ലാം തിരക്കിലായിരുന്നു. പൂർണമായി പൊലീസിനെ കുറ്റംപറയാനാവില്ല.- ചിദംബരം പറഞ്ഞു.

പൊലീസുകാർക്കെതിരെ അന്വേഷണം വേണ്ടെന്നാണ് മഞ്ഞുമ്മൽ ടീമും പറയുന്നത്. അന്നത്തെ പൊലീസുകാരെല്ലാം വിരമിച്ച് വിശ്രമ ജീവിതത്തിലാകും. ഞങ്ങൾ ഇപ്പോൾ ലോകം അറിയപ്പെടുന്ന നിലയിലായി. ഏറെ സന്തോഷത്തിൽ നിൽക്കുന്ന സമയത്ത് അവർ വേദനിക്കണമെന്ന് ആഗ്രഹിക്കുന്നത് ശരിയല്ലെന്നാണ് അവരുടെ നിലപാട്.

2006ൽ മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോയ സുഹൃത്തുക്കളെക്കുറിച്ചാണ് ചിത്രത്തിൽ പറയുന്നത്. ഗുണ കേവിൽ അകപ്പെട്ട സുഹൃത്തിനെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ച സുഹൃത്തുക്കളെ പൊലീസ് മർദിക്കുന്നത് സിനിമയിലുണ്ട്. ഇത് യഥാർത്ഥത്തിൽ നടന്ന സംഭവമാണെന്ന് പിന്നീട് ഇവർ വെളിപ്പെടുത്തിയിരുന്നു. സുഹൃത്തിനെ ഗുണ കേവിൽ തള്ളിയിട്ട് കൊലപ്പെടുത്തി എന്നാരോപിച്ചായിരുന്നു മർദനം. ഇതിനെതിരെയാണ് തമിഴ്‌നാട് കോൺഗ്രസ് നേതാവായ നിലമ്പൂർ സ്വദേശി ഷിജു എബ്രഹാം പരാതിയുമായി രംഗത്തെത്തിയത്. അന്ന് പൊലീസ് നടത്തിയ പീഡനത്തിന് പത്തിലൊന്നുപോലും ചിത്രത്തിൽ കാണിച്ചിട്ടില്ലെന്നാണ് ഷിജു എബ്രഹാം പരാതിയിൽ വ്യക്തമാക്കിയത്.