മുംബൈ: ബോളിവുഡ് സിനിമയിൽ അഭിനയ മികവു കൊണ്ട് ശ്രദ്ധ നേടിയ നടനാണ് മനോജ് ബാജ്‌പേയി. വെള്ളിത്തിരയിൽ തിളങ്ങുന്ന താരം ആകുമ്പോഴും തനിക്ക് സ്വന്തം ജീവിതത്തെക്കുറിച്ച് പറയാൻ ഇഷ്ടമല്ലെന്നാണ് നടന്റെ പക്ഷം. വീട്ടിൽ നിന്ന് പുറത്തിറങ്ങാനോ അഭിമുഖങ്ങൾ നൽകാനോ തനിക്ക് ഇഷ്ടമല്ല എന്നാണ് താരം പറയുന്നത്. എഎൻഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ തുറന്നു പറച്ചിൽ.

നമ്മൾ വർക്ക് ചെയ്യുമ്പോൾ ആളുകളോട് സംസാരിക്കേണ്ടി വരും, അഭിമുഖങ്ങൾ നൽകണം. എനിക്ക് സംസാരിക്കാൻ വളരെ എളുപ്പമാണ് എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. എന്നാൽ അങ്ങനെയല്ല. ഞാൻ അഭിമുഖങ്ങൾ നൽകുന്നത് അതൊരു ജോലിയായി കണക്കാക്കിയാണ്. അത് എനിക്ക് മികച്ച രീതിയിൽ ചെയ്യണം. ഞാൻ സ്വകാര്യത ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. എനിക്ക് എന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടമല്ല. എന്റെ വീട്ടിൽ നിന്ന് ഇറങ്ങാൻ ഇഷ്ടമല്ല. അഭിമുഖങ്ങൾ നൽകാൻ ഇഷ്ടമല്ല. എന്നേക്കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ വല്ലാതെ ക്ഷീണിതനാകും. എനിക്ക് വല്ലാതെ വീർപ്പുമുട്ടൽ അനുഭവപ്പെടും. എനിക്ക് മറ്റുള്ളവരെക്കുറിച്ചും മറ്റ് സംവിധായകരേക്കുറിച്ചും നടന്മാരെക്കുറിച്ചും സംസാരിക്കാനാണ് ഇഷ്ടം.- മനോജ് ബാജ്പെയി പറഞ്ഞു.

കുട്ടിക്കാലത്ത് ഞാൻ ശാഠ്യക്കാരനും നാണം കുണുങ്ങിയുമായിരുന്നു. ഇപ്പോഴും അങ്ങനെയൊരു ആളാണ് ഞാൻ. തുറന്നു സംസാരിക്കുന്നത് എന്നെ അസ്വസ്ഥനാക്കാറുണ്ട്. ആ ഉൾവലിയൽ ഇപ്പോഴും എന്റെ സ്വഭാവമാണ്.- താരം കൂട്ടിച്ചേർത്തു. ശക്തമായ കഥാപാത്രങ്ങളിലൂടെ ഇന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടം നേടിയെടുത്ത നടനാണ് മനോജ് ബാജ്പേയ്. ബിഹാറിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള കുട്ടി ബോളിവുഡിൽ 30 വർഷം നിലനിന്നു എന്നത് അത്ഭുതമായാണ് കാണുന്നതെന്നും താരം പറഞ്ഞു.