- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി ആഹാരം കഴിച്ചിട്ട് 14 വർഷമായി
മുംബൈ: കഴിഞ്ഞ 14 വർഷമായി അത്താഴം കഴിക്കാറില്ലെന്ന് നടൻ മനോജ് ബാജ്‌പേയി. ഭക്ഷണം വളരെയധികം ഇഷ്ടപ്പെടുന്ന ആളാണെന്നും അതുകൊണ്ടാണ് ആഹാരം കഴിക്കുന്നത് താൻ നിർത്തിയതെന്നും നടൻ വ്യക്തമാക്കി. കൂടാതെ ഒരു പ്രത്യേകരീതിയിൽ ശരീരം ഷേപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും നടൻ കൂട്ടിച്ചേർത്തു.
'ഭാരത്തിന്റേയും അസുഖത്തിന്റേയും കാര്യമെടുത്താൽ ഭക്ഷണമാണ് പ്രധാന വില്ലൻ. നിങ്ങൾ അത്താഴം കഴിക്കുന്നത് ഒഴിവാക്കിയാൽ പലരോഗങ്ങളിൽ നിന്നും നിങ്ങൾക്ക് സ്വയം സംരക്ഷിക്കാനാകും. ഭക്ഷണം വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. അതുകൊണ്ടാണ് നിർത്തിയത്. ആഹാരത്തെ ഇത്രയധികം ഇഷ്ടപ്പെടുന്ന ആൾ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതിന്റെ കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും. കാരണം ഉച്ചക്ക് എനിക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ ഉൾപ്പെടുത്തി നല്ലത് പോലെ ഞാൻ കഴിക്കും. ചോറും റൊട്ടിയും എനിക്ക് ഇഷ്ടപ്പെട്ട പച്ചക്കറിയും നോൺ വെജ് കറികളുമെല്ലാം ഉച്ചയൂണിന് ഉണ്ടാകും'- നടൻ പറഞ്ഞു.
ഭക്ഷണം നിയന്ത്രിക്കുന്നത് പോലെ യോഗയും മെഡിറ്റേഷൻ ചെയ്യാറുണ്ടെന്നും നടൻ അഭിമുഖത്തിൽ വ്യക്തമാക്കി. 'മാനസികാരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. ഞാൻ യോഗയും മെഡിറ്റേഷൻ ചെയ്യാറുണ്ട്. മാനസികാരോഗ്യം പോലെ അത്രയും പ്രധാനപ്പെട്ടതല്ല ആബ്‌സ്. ഒരു പ്രത്യേക രൂപഘടനക്ക് വേണ്ടിയല്ല ഇതൊക്കെ ചെയ്യുന്നത്. എനിക്ക് ആബ്‌സ് വേണമെന്ന് തീരുമാനിച്ചാൽ, എന്നെക്കൊണ്ട് സാധിക്കും. പക്ഷേ എനിക്ക് അതല്ല വേണ്ടത്. ജോറാം, ബന്ദ, ഗുൽമോഹർ, കില്ലർ സൂപ്പ് തുടങ്ങിയവയിലെത് പോലെയുള്ള വ്യത്യസ്തതരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആബ്‌സ് ഉണ്ടായാൽ അതുപോലെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് കഴിയില്ല'- മനോജ് കൂട്ടിച്ചേർത്തു.
മുത്തച്ഛനിൽ നിന്നാണ് ഇത്തരത്തിലുള്ള ജീവിതശൈലി തനിക്ക് കിട്ടിയതെന്നും നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ നടൻ വ്യക്തമാക്കിയിരുന്നു. മുത്തച്ഛൻ ശീലിച്ച ശൈലി പിന്തുടർന്നപ്പോൾ തന്റെ ഭാരം നിയന്ത്രണത്തിലായെന്നും ശരീരത്തിൽ മാറ്റങ്ങൾ തോന്നിയെന്നും നടൻ പറഞ്ഞിരുന്നു.