കൊയിലാണ്ടി: മനോജ് കെ ജയന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് സർഗത്തിലെ കുട്ടൻ തമ്പുരാൻ. 33 വർഷത്തിനു ശേഷം കുട്ടൻ തമ്പുരാന് ജീവൻ നൽകിയ സ്ഥലത്തേക്ക് വീണ്ടും എത്തിയിരിക്കുകയാണ് താരം. കൊയിലാണ്ടി മുചുകുന്നിലെ കോട്ട-കോവിലകം ക്ഷേത്രത്തിലെ നടപന്തലിന്റെ സമർപ്പണത്തിനായാണ് താരം എത്തിയത്. സോഷ്യൽ മീഡിയയിൽ താരം തന്നെയാണ് സർഗം ഓർമകൾ പങ്കുവച്ചത്.

കൊയിലാണ്ടിയിലെ മുചുകുന്ന് കാരുടെ സ്‌നേഹം കണ്ടോ. ഇന്നലെ, കോട്ട-കോവിലകം ക്ഷേത്രത്തിലെ നടപന്തലിന്റെ സമർപ്പണത്തിന് ഞാൻ എത്തിയപ്പോൾ...,'സർഗത്തിലെ' കുട്ടൻ തമ്പുരാന് ജീവൻ നൽകിയ, ഒരുപാട് സീനുകൾ ചിത്രീകരിച്ച പരിസരവും,അമ്പലക്കുളവും എനിക്ക് വീണ്ടും കാണാനുള്ള ഭാഗ്യമുണ്ടായി, 33 വർഷങ്ങൾക്ക് ശേഷം.വിലമതിക്കാനാവാത്ത നൊസ്റ്റാൾജിയായിരുന്നു ദൈവം എനിക്കിന്നലെ സമ്മാനിച്ചത്. എന്റെ ഗുരുനാഥൻ ഹരിഹരൻ സാറിനെയും, സർഗത്തിന്റെ എല്ലാ സഹപ്രവർത്തകരെയും ഹൃദയം കൊണ്ട് നമിച്ചു. - മനോജ് കെ ജയൻ കുറിച്ചു.

പരിപാടിയിൽ നിന്നുള്ള വിഡിയോയും താരം പോസ്റ്റ് തെയ്തിട്ടുണ്ട്. ഹരിഹരൻ സംവിധാനം ചെയ്ത ചിത്രമാണ് സർഗം. മനോജ് കെ ജയനെ കൂടാതെ വിനീത്, രംഭ, നെടുമുടി വേണു എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം മനോജ് കെ ജയന് ലഭിച്ചിരുന്നു.