- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'വൃത്തികെട്ട ഡാൻസ്, ഇതിനൊക്കെ എങ്ങനെ സെൻസർ കിട്ടി'; തമന്നയുടെ 'കാവാലയ്യ' നൃത്തത്തെ വിമർശിച്ച് മൻസൂർ അലി ഖാൻ
ചെന്നൈ: രജനീകാന്ത് ചിത്രം ജയിലറിൽ 'കാവാലയ്യ' എന്ന ഗാനരംഗത്തിലെ നടി തമന്നയുടെ നൃത്ത ചുവടുകളെ വിമർശിച്ച് മൻസൂർ അലി ഖാൻ. സോഷ്യൽ മീഡിയ ഏറ്റെടുത്ത ഗാനത്തെ വിമർശിച്ചാണ് മൻസൂർ അലിഖാൻ രംഗത്തുവന്നത്. നടിയുടെ ഹുക്ക് സ്റ്റെപ്പുകൾ വളരെ വൃത്തികേടാണെന്നും ഇതിനൊക്കെ എങ്ങനെ സെൻസർ ക്ലിയറൻസ് കിട്ടിയെന്നും അദ്ദേഹം ചോദിച്ചു.
മൻസൂർ അലി ഖാൽ അഭിനയിച്ച 'സരയു' എന്ന ചിത്രത്തിലെ ചില രംഗങ്ങൾ സെൻസർ ബോർഡ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു വിമർശനം. കാവാലയ്യ എന്ന ഗാനത്തിൽ തമന്ന ചെയ്യുന്ന പോലെ താൻ തന്റെ സിനിമയിൽ ചെയ്തിട്ടില്ലെന്നും ഇതൊന്നും ആരും ചോദിക്കില്ലെന്നും താരം കുറ്റപ്പെടുത്തി.
താരത്തിന്റെ വിഡിയോ വൈറലായതോടെ നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ പരാമർശത്തെ എതിർത്ത് രംഗത്തെത്തിയത്. നേരത്തെയും വിവാദ പരാമർശനങ്ങളിലൂടെ മൻസൂർ അലി ഖാൻ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. തമിഴ് താരം വിവേക് അന്തരിച്ചപ്പോൾ മരണകാരണം കോവിഡ് വാക്‌സിനാണ് എന്നതടക്കം പറഞ്ഞ താരം കേസിലും പെട്ടിരുന്നു.
രജനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ജയിലർ ബോക്സ് ഓഫീസിൽ വമ്പിച്ച വിജയമായിരുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്. അതിൽ തമന്നയുടെ ഗ്ലാമർ ചുവടുവെപ്പുകൾകൊണ്ട് കാവാലയ്യാ എന്ന ഗാനം രാജ്യത്തിനകത്തും പുറത്തും തരംഗമായിരുന്നു.
മറുനാടന് ഡെസ്ക്