ചെന്നൈ: നടി തൃഷക്കെതിരെ ഹൈക്കോടതിയിൽ മാനനഷ്ടകേസ് നൽകി നടൻ മൻസൂർ അലി ഖാൻ. തൃഷയെ കൂടാതെ നടിയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്‌ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരേയും കേസ് ഫയൽ ചെയ്തിട്ടുണ്ട്. മൂവരും തന്നെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നടൻ ആവശ്യപ്പെട്ടു.

താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വിഡിയോ പൂർണമായി കാണാതെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി എന്നുമാണ് ഹർജിയിലെ ആരോപണം.

ലിയോ സിനിമയുമായി ബന്ധപ്പെട്ട പ്രസ്മീറ്റിലായിരുന്നു മൻസൂർ അലി ഖാന്റെ വിവാദ പരാമർശം. സംഭവം വിവാദമായതോടെ വിഷയത്തിൽ നടൻ മാപ്പു പറഞ്ഞിരുന്നു. ഇതോടെ വിഷയം അവസാനിച്ചെന്ന് കരുതിയിരിക്കെയാണ് തൃഷക്കും താരങ്ങൾക്കുമെതിരെ മൻസൂർ അലി ഖാൻ രംഗത്തെത്തിയത്. നടന്റെ വിവാദ പ്രസ്താവനയിൽസ്വമേധയാ ദേശീയ വനിതാ കമ്മിഷന്റെ നിർദേശപ്രകാരം പൊലീസ് കേസെടുതിരുന്നെങ്കിലും കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് തൃഷ അറിയിച്ചിരുന്നു. മൻസൂർ അലി ഖാന്റെ കൂടെ ഇനിയൊരിക്കലും അഭിനയിക്കില്ലെന്ന് തൃഷ വ്യക്തമാക്കിയിട്ടുണ്ട്.