കൊച്ചി: മലയാള സിനിമയിൽ ശ്രദ്ധേയ വേഷങ്ങളിലൂടെ തന്റെ ഇടം കണ്ടെത്തിയ നടിയാണ് മെറീന മൈക്കിൾ. അമർ അക്‌ബർ അന്തോണിയിലെ കഥാപാത്രത്തിലൂടെയാണ് മെറിന കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചങ്ക്സ്, ഹാപ്പി വെഡിങ് തുടങ്ങിയ ചിത്രങ്ങളിലും മെറീന അഭിനയിച്ചു.

നായികയായി അഭിനയിക്കുന്നത് വിനീത് ശ്രീനിവാസനൊപ്പം എബി എന്ന ചിത്രത്തിലാണ്. അടുത്തിടെ നടി ഒരു അഭിമുഖത്തിൽ നിന്നും ഇറങ്ങിപ്പോയതും പിന്നീട് സൈബറിടത്തിൽ വിമർശനം ഉന്നയിച്ചതുമെല്ലാം വാർത്തയായിരുന്നു. ഈ സംഭവത്തിന്റെ തുടർച്ചയെന്നോണം വിഷയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തി നടി രംഗത്തുവന്നു. ഇക്കുറി വിമൻ ഇൻ സിനിമ കളക്ടീവിനെതിരെയും നടി വിമർശനം ഉയർത്തി.

അന്നപൂരണി വിവാദത്തിൽ നയൻതാരയെ അനുകൂലിച്ച മലയാളി നടി, മലയാള സിനിമാ ഇന്ഡസ്ട്രിയിലെ വലിയൊരു പ്രശ്‌നം തുറന്നു പറഞ്ഞ തനിക്കൊപ്പം നിന്നില്ലെന്ന് മെറീന പറഞ്ഞു. ആ നടി ഉൾപ്പെടുന്ന ഡബ്ലിയു സി സി എന്ന സംഘടന തനിക്കൊപ്പം നിൽകാത്തതിൽ സങ്കടമുണ്ടെന്നും സമൂഹ മാധ്യമങ്ങളിൽ മെറീന കുറിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു സിനിമാ മേഖലയിൽ സ്ത്രീകൾക്ക് ആവശ്യമായ പരിഗണനകൾ ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി മെറീന രംഗത്ത് വന്നത്. ഇത് സംബന്ധിച്ച് ഒരു അഭിമുഖത്തിൽ തുറന്നു പറയുകയും തുടർന്ന് ഷൈനുമായി വഴക്കിട്ട് തരാം അഭിമുഖത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. പീരിഡ്‌സ് ആയിരുന്നിട്ടും ഒരു നല്ല ബാത്‌റൂം പോലും സിനിമാ ലൊക്കേഷനിൽ തനിക്ക് തന്നില്ല എന്ന തരത്തിലായിരുന്നു മെറീന വിമർശനം ഉന്നയിച്ചത്.

മെറീനയുടെ തുറന്നു പറച്ചിലിന് സമൂഹ മാധ്യമങ്ങൾ എല്ലാം വലിയ പിന്തുണ നൽകിയിരുന്നു. അവരോടെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് പുതിയ കുറിപ്പ് താരം പങ്കുവെച്ചിരിക്കുന്നത്. എല്ലാവരും തന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും, എന്നാൽ വിമൻ ഇൻ സിനിമാ കളക്ടീവിലെ ആരും തന്നെ തനിക്ക് വേണ്ടി സംസാരിക്കാത്തത് വലിയ സങ്കടം ഉണ്ടാക്കിയെന്നും മെറീന കുറിപ്പിൽ വ്യക്തമാകുന്നു.