തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലെ ട്രെൻഡിനൊപ്പം അണിചേർന്ന് മോഹൻലാലും. 'ലാലേട്ടൻ കമന്റ് ചെയ്താലേ ഞങ്ങൾ ക്രേസ് ബിസ്‌കറ്റ് കഴിക്കൂ' എന്ന ഇൻസ്റ്റഗ്രാം റീലിനാണ് മറുപടിയുമായി മോഹൻലാൽ എത്തിയത്. 'കഴിക്ക് മോനേ.. ഫ്രണ്ട്‌സിനും കൊടുക്കൂ' എന്നായിരുന്നു ലാൽ പറഞ്ഞത്.

ആരോമൽ എന്ന യുവാവ് പങ്കുവച്ച വിഡിയോയിലാണ് മോഹൻലാലിന്റെ കമന്റ് പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ വാക്കുകൾ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. കാരണം, സോഷ്യൽ മീഡിയയിലെ ഇത്തരത്തിലുള്ള ട്രെൻഡിനൊന്നും മോഹൻലാൽ കൈകൊടുക്കാറില്ല. രസകരമായ പ്രതികരണമാണ് ഈ വിഡിയോക്ക് ലഭിക്കുന്നത്.

മാസങ്ങൾക്ക് മുമ്പാണ് ഇഷ്ടതാരങ്ങളുടെ കമന്റ് അഭ്യർത്ഥിക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പ്രചരിക്കാൻ തുടങ്ങിയത്. തെലുങ്ക് താരം വിജയ് ദേവരകൊണ്ടയിൽ നിന്നാണ് ട്രെന്റ് തുടങ്ങിയത്. പിന്നീട് ഇത് മലയാളത്തിലേക്കും എത്തുകയായിരുന്നു.

'ടൊവിനോ തോമസ് കമന്റ് ചെയ്താലേ ഞാൻ പഠിക്കൂ' എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാം റീലുമായി ഒരു യുവാവ് എത്തിയിരുന്നു. പോയിരുന്ന് പഠിക്ക് മോനേ' എന്നായിരുന്നു ടൊവിനോയുടെ മറുപടി. ബേസിൽ ജോസഫ് കമന്റ് ചെയ്താലേ കനഡയിൽ നിന്ന് മടങ്ങി വരൂ എന്നൊരു വിഡിയോയും ഒരു വിരുതൻ പങ്കുവച്ചിരുന്നു.

'മകനേ മടങ്ങിവരൂ' എന്നായിരുന്നു ബേസിലിന്റെ കമന്റ്. പിന്നീട് ജയസൂര്യ, ജോജു ജോർജ്, നസ്ലിൻ, മഞ്ഞുമ്മൽ ബോയ്‌സ് ടീം തുടങ്ങിയവർ സമാനമായ രീതിയിലുള്ള ആരാധക വിഡിയോകൾക്ക് മറുപടി നൽകിയിരുന്നു.