ചെന്നൈ: 'ജയിലർ' എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം സൂപ്പർസ്റ്റാർ രജനീകാന്ത് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലാൽ സലാം'. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ നിർമ്മിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ നായകന്മാരാകുന്ന ചിത്രത്തിൽ മൊയ്തീൻ ഭായ് എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് രജനി എത്തുന്നത്.

ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവും തമിഴിൽ നിന്നുള്ള നിരവധി താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. എ.ആർ. റഹ്മാനാണ് സംഗീതം, ഛായാഗ്രഹണം വിഷ്ണു രംഗസാമി, എഡിറ്റർ പ്രവീണ് ഭാസ്‌കർ. ചിത്രം അടുത്ത വർഷം ജനുവരിയിൽ 'ലാൽ സലാം' തിയറ്ററുകളിലെത്തും.

'വൈ രാജ വൈ' എന്ന ചിത്രം കഴിഞ്ഞ് എട്ട് വർഷങ്ങൾക്ക് ശേഷമാണ് ഐശ്വര്യ രജനികാന്ത് സംവിധായികയുടെ തൊപ്പിയണിയുന്നത്. തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.