പൃഥ്വിരാജ്, തിലകൻ എന്നിവർക്കെതിരെ വിലക്കുകൾ വന്നത് മലയാളികൾക്ക് ഓർമ്മയുണ്ടാവും. ആ സമയത്താവും അമ്മയുടെ വിലക്കിനെ പറ്റി പൊതുസമൂഹം അറിയുന്നതും. എന്നാൽ ഇപ്പോഴിതാ ആരും അറിയാത്ത ഒരു വിലക്കിന്റെ ഓർമ്മ പങ്കുവയ്ക്കുകയാണ് നടി നവ്യാ നായർ. മലയാള സിനിമയിൽ താനും അമ്മയുടെ വിലക്ക് നേരിട്ടിട്ടുണ്ടെന്ന് പറയുകയാണ് താരം. അന്ന് പ്രതിഫലം കൂട്ടി ചോദിച്ചു എന്ന പേരിലാണ് 'അമ്മ' സംഘടന നവ്യയെ വിലക്കിയത്. 'ജാനകി ജാനേ' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മനോരമ ഓൺലൈനോട് സംസാരിക്കവെയാണ് നവ്യ ഇക്കാര്യം വെളിപ്പെടുത്തിയത്.

'എനിക്കും വന്നിട്ടുണ്ട് വിലക്ക്'
''വിലക്ക് ഞാനും നേരിട്ടുണ്ട്. 'പട്ടണത്തിൽ സുന്ദരൻ' എന്ന സിനിമയുടെ സമയത്ത് ഞാൻ പ്രതിഫലം കൂട്ടി ചോദിച്ചു എന്ന പേരിൽ സിനിമയുടെ നിർമ്മാതാവ് എനിക്കെതിരെ പരാതി നൽകി. ആ സമയത്ത് എന്നെ 'ബാൻഡ് ക്വീൻ' എന്നൊക്കെ വിളിച്ച് കളിയാക്കിയവരുണ്ട്. പിന്നീട് അത് സത്യമല്ല എന്ന് തെളിഞ്ഞു. ഞാൻ അങ്ങനെ പ്രതിഫലം കൂട്ടി ചോദിച്ചിട്ടില്ല. പക്ഷേ വിലക്കൊക്കെ വന്നതിനു ശേഷമാണ് എന്റെ ഭാഗം എല്ലാവരും കേട്ടത്. അന്ന് 'അമ്മ' അസോസിയോഷനും കൂടെ ചേർന്നാണ് വിലക്കിയത്. അതുകഴിഞ്ഞ് എന്റെ ഭാഗം കേട്ടു, എന്റെ ഭാഗത്ത് തെറ്റില്ല എന്ന് മനസ്സിലാക്കി, ആ വിലക്ക് നീക്കി. അങ്ങനെ എന്റെ ജീവിതത്തിലും ഒരു വിലക്ക് സംഭവിച്ചിട്ടുണ്ട്.''നവ്യ നായർ പറഞ്ഞു.

യുവതലമുറയുടെ ലഹരി ഉപയോഗത്തെക്കുറിച്ചും അച്ചടക്കമില്ലായ്മയെപ്പറ്റിയും നടിക്ക് അഭിപ്രായമുണ്ട്. ''സിനിമയാണ് ഈ ഫെയിം തന്നതെന്ന ഓർമ വേണം. പണ്ടത്തെ നടന്മാർ ഇതൊന്നും ഉപയോഗിച്ചിട്ടല്ല അഭിനയിച്ചിരുന്നത്. ഇത് ഉപയോഗിച്ചാലേ അഭിനയം വരൂ എന്ന ചിന്തയൊക്കെ തെറ്റാണ്. ഇതൊക്കെയാണ് വിലക്കിന്റെ യഥാർഥ കാരണങ്ങളെങ്കിൽ അത് തെറ്റാണ്''. നവ്യ പറഞ്ഞു.