ടൈഗർ 3യുടെ ചിത്രീകരണത്തിനിടെ സൽമാൻ ഖാന് പരിക്ക്. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായ ടൈഗർ 3യുടെ സെറ്റിൽ വച്ചാണ് സൽമാന് പരിക്കേറ്റത്. അഞ്ച് കിലോയുടെ ഡംബെൽ ഉയർത്തുന്നതിനിടെ സൽമാൻ ഖാന്റെ തോളിന് പരിക്കേൽക്കുകയായിരുന്നെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കുപറ്റിയ കാര്യം തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ സൂപ്പർതാരം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. പിന്തിരിഞ്ഞ് നിൽക്കുന്ന ഒരു ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു. പരിക്കേറ്റ ഇടതുതോളിൽ പെയിൻ റിലീവ് പാച്ച് വച്ചിരിക്കുന്നതായി ചിത്രത്തിൽ കാണാം.

'ഈ ലോകം മുഴുവൻ നിന്റെ തോളിൽ വഹിക്കുകയാണ് എന്ന് നീ കരുതുമ്പോൾ, ലോകം എന്നത് വിടു... അഞ്ചു കിലോയുടെ ഡംബൽ ഉയർത്താൻ പറ്റുമോ എന്ന് അവൻ ചോദിക്കും. ടൈഗറിന് പരിക്കേറ്റു', സൽമാൻ ഖാൻ ട്വീറ്റ് ചെയ്തു. വിവരമറിഞ്ഞ് നിരവധി ആരാധകരാണ് അദ്ദേഹത്തിന്റെ ക്ഷേമം അന്വേഷിച്ച് സോഷ്യൽ മീഡിയയിലെത്തിയത്. യഷ് രാജ് ഫിലിംസ് യൂണിവേഴ്‌സിന്റെ ഭാഗമായ ചിത്രത്തിൽ വലിയ താരനിരയാണുള്ളത്.

ചിത്രത്തിലെ വമ്പൻ സംഘട്ടനരംഗത്ത് അതിഥി വേഷത്തിൽ ഷാരൂഖ് ഖാനും എത്തുന്നുണ്ട്. പഠാൻ എന്ന ചിത്രത്തിലെ കഥാപാത്രമായാണ് അദ്ദേഹമെത്തുക. പഠാനിൽ ടൈഗറായി സൽമാൻ ഖാൻ എത്തിയിരുന്നു. ടൈഗറിലെ സോയ എന്ന കഥാപാത്രമായി കത്രീന കൈഫ് തന്നെയെത്തും. ഇമ്രാൻ ഹഷ്മിയാണ് വില്ലൻ വേഷത്തിൽ. ഈ വർഷം ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.