കൊച്ചി: സിനിമ താരം എന്നതിലുപരി മോഡലും ക്ലാസിക്കൽ ഡാൻസറും അഭിഭാഷകയും കൂടെയാണ് നടി സുരഭി സന്തോഷ്. സോഷ്യൽ മീഡിയയിലും സജീവമാണ് സുരഭി. കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടൻ മാർപ്പാപ്പ എന്ന ചിത്രത്തിലൂടെയാണ് സുരഭി സന്തോഷ് പ്രേക്ഷക ശ്രദ്ധ നേടിയത്. 2018ൽ പുറത്തിറങ്ങിയ ചിത്രത്തിലെ നായിക അദിതി രവി ആയിരുന്നുവെങ്കിലും പ്രേക്ഷക ഹൃദയം കീഴടക്കിയത് അനിയത്തി വേഷത്തിൽ എത്തിയ സുരഭി ആയിരുന്നു. പിന്നീട് മലയാളത്തിലും കന്നഡയിലുമായി ഒരുപിടി ചിത്രങ്ങളിൽ സുരഭി അഭിനയിച്ചു.

അടുത്തിടെയാണ് താൻ വിവാഹിതയാകാൻ ഒരുങ്ങുന്നു എന്ന സൂചന സുരഭി നൽകിയത്. വിവാഹനിശ്ചയം കഴിഞ്ഞു എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ചിത്രങ്ങൾ നടി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കുകയായിരുന്നു. വരന്റെ മുഖം മറച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് സുരഭി പങ്കുവെച്ചത്. എന്നാൽ സുരഭിയുടെ പോസ്റ്റ് ആശയക്കുഴപ്പത്തിലാക്കിയിരുന്നു.

 
 
 
View this post on Instagram

A post shared by Surabhi Santosh (@surabhi.vaishu)

'എല്ലായ്‌പ്പോഴും എന്റേതുമാത്രം' എന്ന തലക്കെട്ടോടെ ഒരു യുവാവിനൊപ്പമുള്ള ചിത്രം പങ്കുവച്ചെങ്കിലും കൂടുതലൊന്നും വെളിപ്പെടുത്തിയിരുന്നില്ല. പ്രേക്ഷകർ പ്രതീക്ഷിച്ചതുപോലെ തന്നെ സുരഭി വിവാഹിതയാകാൻ ഒരുങ്ങുകയാണ്. വിവാഹനിശ്ചയം വളരെ നാൾ മുൻപു കഴിഞ്ഞുവെന്നും ഇപ്പോഴാണ് തുറന്നു പറയാനുള്ള സമയമെത്തിയതെന്നും സുരഭി പറയുന്നു. വിവാഹവിശേഷങ്ങൾ തുറന്നു പറയുകയാണ് സുരഭി സന്തോഷ്.

പ്രണവ് ചന്ദ്രൻ എന്ന ഗായകനാണ് എന്റെ പ്രതിശ്രുത വരൻ. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമാണ്. സരിഗമ ലേബലിലെ ആർടിസ്റ്റാണ്. ബോളിവുഡ് ഗായകനാണ് പ്രണവ്. അദ്ദേഹം മലയാളി തന്നെയാണ്. പയ്യന്നൂരാണ് ജന്മനാട്, പക്ഷേ ജനിച്ചു വളർന്നത് മുംബൈയിൽ ആണ്. വിവാഹനിശ്ചയത്തിൽ നിന്നുള്ള വരന്റെ മുഖം കാണുന്ന കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നടിയുടെ പുതിയ പോസ്റ്റ്. പ്രതിശ്രുത വരൻ പ്രണവ് ചന്ദ്രനെ പോസ്റ്റിൽ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

വിവാഹനിശ്ചയം കഴിഞ്ഞിട്ട് കുറച്ചു നാളുകളായെന്നും അത് വെളിപ്പെടുത്താൻ വൈകിയതിന്റെ കാരണവും സുരഭി തുറന്നുപറഞ്ഞു. 'മാർച്ചിലാണ് ഞങ്ങൾ ആദ്യം കണ്ടുമുട്ടിയത്. വിവാഹനിശ്ചയം കഴിഞ്ഞിട്ട് കുറച്ചുനാളായി. വീട്ടുകാരുടെ നിർബന്ധത്തിൽ ആയിരുന്നു അന്ന് അത് നടത്തിയത്. പിന്നീട് ഞങ്ങൾക്ക് തമ്മിൽ മനസ്സിലാക്കാൻ കുറച്ചു സമയം വേണമെന്നു തോന്നി. അതുകൊണ്ടാണ് വിവാഹനിശ്ചയം കഴിഞ്ഞതിന്റെ സൂചന ഇതുവരെ എവിടെയും നൽകാത്തത്. ഇത്രയും നാൾകൊണ്ട് ഞങ്ങൾ പരസ്പരം നന്നായി മനസ്സിലാക്കി ഒരുമിച്ച് പോകാൻ പറ്റുമെന്ന് മനസ്സിലായി. അതാണ് ഇപ്പോൾ എല്ലാവരോടും ഈ വിവരം വെളിപ്പെടുത്താൻ തീരുമാനിച്ചത്,' സുരഭി  പറഞ്ഞു.

തന്റെ അഭിരുചികൾ മനസ്സിലാക്കുന്ന, തനിക്ക് കംഫർട്ടബിൾ ആയ ഒരാൾ ആണ് പ്രണവ് എന്നും സുരഭി പറഞ്ഞു. മാർച്ച് 25 ന് തിരുവനന്തപുരം കോവളത്ത് വച്ചാണ് ഇരുവരുടെയും വിവാഹം. തിരുവനന്തപുരം സ്വദേശിയാണ് സുരഭി. നിലവിൽ ബെംഗളൂരുവിൽ ആണ് താമസം. അവിടെ അഡ്വക്കേറ്റ് ആയി പ്രാക്ടീസ് ചെയ്യുകയാണ് താരം. അതേ സമയം അഭിനയത്തിലും സജീവമാണ് സുരഭി സന്തോഷ്.

കുട്ടനാടൻ മാർപാപ്പയ്ക്ക് ശേഷം ജയറാം നായകനായ മൈ ഗ്രേറ്റ് ഫാദർ, നൈറ്റ് ഡ്രൈവ്, കിനാവള്ളി, ഹരിശ്രീ അശോകൻ സംവിധാനം ചെയ്ത ആൻ ഇന്റർനാഷനൽ ലോക്കൽ സ്റ്റോറി, പത്മ തുടങ്ങിയ സിനിമകളിലാണ് സുരഭി അഭിനയിച്ചത്. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ആപ് കൈസേ ഹോ, ത്രയം, ഇന്ദ്രജിത് നായകനാകുന്ന അനുരാധ തുടങ്ങിയ ചിത്രങ്ങളാണ് സുരഭിയുടെതായി അണിയറയിൽ ഉള്ളത്.