- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഞാൻ ഒരു തൃശൂരുകാരനല്ലല്ലോ; എനിക്ക് അറിയാവുന്ന രീതിയിൽ അല്ലേ പറയാൻ സാധിക്കൂ; പത്മരാജൻ എന്ന സംവിധായകൻ പറഞ്ഞുതന്ന കാര്യങ്ങളാണ് ഞാൻ ചെയ്തത്; അന്ന് ആരും തിരുത്താൻ ഉണ്ടായിരുന്നില്ല'; രഞ്ജിത്തിന്റെ പരാമർശത്തിൽ മറുപടിയുമായി മോഹൻലാൽ
കൊച്ചി: പത്മരാജൻ സംവിധാനം ചെയ്ത 'തൂവാനത്തുമ്പികൾ' എന്ന ചിത്രത്തിൽ മോഹൻലാൽ ഉപയോഗിച്ച തൃശൂർ ഭാഷ മോശമായിരുന്നുവെന്ന സംവിധായകൻ രഞ്ജിത്തിന്റെ പരാമർശത്തിന് മറുപടിയുമായി നടൻ മോഹൻലാൽ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'നേര്' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് സൂപ്പർ സ്റ്റാറിന്റെ പ്രതികരണം. രഞ്ജിത്തിന്റെ പരാമർശത്തെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ 'ഞാൻ ഒരു തൃശൂരുകാരനല്ലല്ലോ' എന്ന് ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മോഹൻലാൽ നൽകിയത്.
'ഞാൻ ഒരിക്കലും അദ്ദേഹത്തെ ചലഞ്ച് ചെയ്ത് പറയുന്നതല്ല, ആ സമയത്ത് പത്മരാജൻ എന്ന സംവിധായകൻ പറഞ്ഞുതന്ന കാര്യങ്ങളാണ് ഞാൻ ചെയ്തത്. ലക്ഷക്കണക്കിന് ആളുകൾ കണ്ട സിനിമയാണ്. ഞാൻ തൃശൂരുകാരനല്ലല്ലോ, എനിക്ക് അറിയാവുന്ന രീതിയിൽ അല്ലേ പറയാൻ സാധിക്കുകയുള്ളൂ. ആ സമയത്ത് എനിക്ക് അത് തിരുത്തിത്തരാൻ ആരുമില്ലായിരുന്നു'.'പത്മരാജൻ തൃശൂർ ഓൾ ഇന്ത്യ റേഡിയോയിലുണ്ടായിരുന്ന ആളാണ്. അവിടെ ഏറ്റവും വലിയ സൗഹൃദമുള്ള ഒരാളാണ്. തൃശൂരുകാരായ ഒരുപാട് പേർ നിൽക്കുമ്പോഴാണ് നമ്മൾ സംസാരിക്കുന്നത്. പിന്നെ എല്ലാ തൃശൂരുകാരും അതുപോലെ സംസാരിക്കാറില്ല. ആ സിനിമയിൽ മോക്ക് ചെയ്ത് പലയിടത്തും കാണിച്ചിട്ടുണ്ട്. ഒരുപക്ഷേ അന്ന് ആരും തിരുത്താൻ ഉണ്ടായിരുന്നില്ല. അതുകൊണ്ടാവാം അങ്ങനെ സംഭവിച്ചത്'- മോഹൻലാൽ പറഞ്ഞു.
വിവാദങ്ങളിൽ ഇടയ്ക്ക് ഇടയ്ക്ക് പെടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് തന്നെക്കുറിച്ച് ആളുകൾ പറയുന്നത് ശ്രദ്ധിക്കാറില്ലെന്നും താൻ വേറെയൊരു മോഹൻലാൽ ആണെന്നും ഇനി തെളിയിച്ചിട്ട് വേറെയൊന്നും കിട്ടാനില്ലെന്നും അദ്ദേഹം പറഞ്ഞു. സന്തോഷമായി കഴിയുകയെന്നതാണ് തന്റെ ലക്ഷ്യം. വല്ലവന്റെയും വായിലുള്ള ചീത്ത വാങ്ങിവെയ്ക്കുന്നത് എന്തിനാണെന്നും മോഹൻലാൽ ചോദിച്ചു.
സ്ത്രീധനത്തെ കുറിച്ച് ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിൽ എന്താണ് പറയാനുള്ളതെന്ന അവതാരകന്റെ ചോദ്യത്തിന്, ഞാൻ സ്ത്രീധനം വാങ്ങിയല്ല വിവാഹം കഴിച്ചതെന്നാണ് മോഹൻലാൽ പറഞ്ഞത്. എന്റെ മകൾക്ക് വിവാഹം കഴിക്കാൻ അങ്ങനെ ഒന്നുണ്ടാകില്ലെന്നും സ്ത്രീധനം ശരിയല്ലെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിമുഖത്തിൽ ഒപ്പമുണ്ടായിരുന്ന സംവിധായകൻ ജീത്തു ജോസഫും ഈ ചോദ്യത്തിന് മറുപടി നൽകി. എനിക്കും രണ്ട് പെൺമക്കളാണ്. ഇന്നത്തെ കാലത്ത് പെൺപിള്ളേരും സ്ട്രോംഗാണ്. സ്ത്രീധനം ചോദിക്കുന്നവനെ കെട്ടില്ലെന്ന് മക്കളും പറഞ്ഞിട്ടുണ്ടെന്ന് ജീത്തു ജോസഫും പറഞ്ഞു.
ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു തൂവാനത്തുമ്പികളിലെ ഭാഷാ പ്രയോഗത്തെ വിമർശിച്ച് സംവിധായകൻ രഞ്ജിത്ത് രംഗത്തെത്തിയത്. 'തൂവാനത്തുമ്പികളി'ൽ ഉപയോഗിച്ചിരിക്കുന്നതുപോലെയല്ല യഥാർത്ഥത്തിൽ തൃശൂർ ഭാഷയെന്നും സിനിമയിലേത് വളരെ ബോറായിരുവെന്നുമായിരുന്നു രഞ്ജിത്തിന്റെ ആക്ഷേപം.
''നമുക്കൊക്കെ ഇഷ്ടപ്പെട്ടതാണ് മോഹൻലാൽ നായകനായ ചിത്രം തൂവാനത്തുമ്പികൾ. അതിലെ തൃശൂർ ഭാഷ ബോറാണ്. തിരുത്താൻ മോഹൻലാലും പപ്പേട്ടനും ശ്രമിച്ചിട്ടില്ല. ഭാഷയെ ഇമിറ്റേറ്റ് ചെയ്യാനാണ് ശ്രമിച്ചത്. നമുക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ എന്നൊന്നും പറയുന്നവരല്ല തൃശൂരുകാർ. തൃശൂർ സ്ലാംഗിൽ എന്തൂട്ടാ എന്നൊക്കെ പറയണം എന്നില്ല, പ്രകടമായിട്ട്. ഇതേ ജയകൃഷ്ണൻ ക്ലാരയോട് പപ്പേട്ടന്റെ തന്നെ സാഹിത്യത്തിലാണ് സംസാരിക്കുന്നത്. പക്ഷേ മോഹൻലാലിന്റെ ഭാഷയ്ക്ക് അയാളുടേത് തന്നെ ഒരു താളമുണ്ട്. അയാൾ കൺവിൻസിങ്ങായ ഒരു ആക്ടറാണ്,'' എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. രഞ്ജിത്തിന്റെ പരാമർശം ഏറെ ചർച്ചയായിരുന്നു. പത്മരാജന്റെ മകൻ അടക്കം രഞ്ജിത്തിന്റെ പരാമർശത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.