ഫലസ്തീൻ സായുധസംഘമായ ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തിൽ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുൻ പോൺതാരം മിയ ഖലീഫ രംഗത്തുവന്നത് വലിയ ചർച്ചയായിരുന്നു. ഇതിന്റെ പേരിൽ ഇവർക്ക് നിരവധി കരാറുകൾ നഷ്ടമാകുകയും ചെയ്തു. എന്നിട്ടും നിലപാട് മാറ്റമില്ലാതെ തുടരുകായാണ് അവർ.

ഫലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാൽ അവരുടെ പക്ഷത്ത് നിൽക്കാതിരിക്കാൻ കഴിയില്ലെന്നാണ് മിയ എക്‌സിൽ കുറിച്ചത്. ഫലസ്തീനിലെ സാഹചര്യം മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾ വംശീയതയുടെ തെറ്റായ വശത്താണ്. അത് കാലക്രമേണ ചരിത്രം തെളിയിക്കുമെന്നും മിയ എക്‌സിൽ കുറിച്ചു. ഇതിന് പിന്നാലെ മിയയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി പേരാണ് രംഗത്ത് വന്നത്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ മിയ പങ്കുവച്ച ഒരു വീഡിയോയാണ് ചർച്ചയാകുന്നത്. സയണിസ്റ്റ് വനിത തന്നെ പിന്തുടർന്ന് അപവാദങ്ങൾ പറയുന്നുവെന്ന് മിയ കുറിച്ചു. അതിന്റെ വീഡിയോയും മിയ പങ്കുവച്ചിട്ടുണ്ട്. സ്ത്രീയ്ക്കൊപ്പം നിൽക്കുന്ന യുവാവിനോട്, നിങ്ങൾക്ക് അമ്മയെക്കുറിച്ചോർത്ത് അഭിമാനം തോന്നുന്നുവോ എന്നും മിയ ചോദിക്കുന്നു. ഞാൻ ഇസ്രയേലുകാരി എന്നവർ ഹീബ്രുഭാഷയിൽ മിയയോട് പറയുന്നുണ്ട്.

വീഡിയോ പങ്കുവച്ചതിന് പിന്നാലെ ഒട്ടേറെ പേർ അഭിപ്രായങ്ങളുമായി രംഗത്തെത്തി. മിയയുടെ നിലപാടിനോടുള്ള വിയോജിപ്പായിരിക്കാം അവർ പ്രകടിപ്പിച്ചതെന്നും എന്നാൽ പിന്തുടർന്ന് ഓരോന്ന് വിളിച്ച് പറയുന്നത് ശരിയല്ലെന്നും ചിലർ കുറിച്ചു. അതേസമയം, മിയയുടെ പരാമർശങ്ങൾ പൂർണമായും ഇസ്രയേൽ വിരുദ്ധമാണെന്നും അഭിമാനമുള്ള സത്രീ എന്ന നിലയിൽ അവർ പ്രതിഷേധിച്ചതാണെന്നും മറ്റു ചിലർ അഭിപ്രായപ്പെട്ടു.