- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വാലിബൻ' നിരൂപണങ്ങളിൽ പ്രതികരിച്ച് അനുരാഗ് കശ്യപ്
കൊച്ചി: ചലച്ചിത്ര പ്രേക്ഷകരെ വിസ്മയിപ്പിച്ച ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലിനെ നായകനാക്കി ഒരുക്കിയ സിനിമ എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് മലൈക്കോട്ടൈ വാലിബനെ ആരാധകർ സ്വീകരിച്ചത്. വമ്പൻ പ്രീ റിലീസ് ഹൈപ്പുമായാണ് ചിത്രം വ്യാഴാഴ്ച തിയറ്ററുകളിൽ എത്തിയത്. എന്നാൽ പുലർച്ചെ 6.30 ന് നടന്ന ഫാൻസ് ഷോകൾ കഴിഞ്ഞതിന് പിന്നാലെ ചിത്രം തങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എന്ന തരത്തിൽ നിരാശ കലർന്ന പ്രതികരണവുമായി സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ നടത്തിയ പ്രതികരണങ്ങൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും സിനിമ പ്രേക്ഷകരെയും ഒരുപോലെ നിരാശരാക്കിയിരുന്നു.
എന്നാൽ മികച്ച ചലച്ചിത്രങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കുടുംബ പ്രേക്ഷകർ തിയേറ്ററുകളിൽ എത്തിത്തുടങ്ങിയതോടെ രണ്ടാം ദിനം മുതൽ പോസിറ്റീവ് അഭിപ്രായങ്ങൾ എത്തുകയും ചെയ്തു. എന്നിരിക്കിലും ആദ്യ പ്രതികരണങ്ങൾ ചിത്രത്തിന്റെ ബിസിനസിൽ ഉണ്ടാക്കിയ ആഘാതം വലുതായിരുന്നു. ചലച്ചിത്ര നിരൂപകർ എന്ന രീതിയിൽ വായിൽ തോന്നുന്നതെന്തും വിളിച്ചുപറയുന്നവരുടെ വിമർശനങ്ങളാണ് ഇത്തരത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ചത്. ഇപ്പോഴിതാ സോഷ്യൽ മീഡിയാ നിരൂപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് വാലിബനെ മുൻനിർത്തി ഉത്തരം പറയുകയാണ് പ്രമുഖ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്.
സോഷ്യൽ മീഡിയയിലെ സിനിമാ നിരൂപണങ്ങൾ സിനിമയെ ദോഷകരമായി ബാധിക്കുമോ എന്ന ചോദ്യത്തിനാണ് അനുരാഗ് മറുപടി നൽകിയത്. 'സിനിമാ നിരൂപണത്തെ ഞാനിന്ന് അത്ര ഗൗരവത്തിൽ എടുക്കുന്നില്ല. കാരണം സോഷ്യൽ മീഡിയയിൽ ഇന്ന് എല്ലാവരും സിനിമാ നിരൂപകരാണ്. അതല്ലാത്ത, ചില യഥാർഥ സിനിമാ നിരൂപകരെ ഞാൻ കേൾക്കാറുണ്ട്, വായിക്കാറുണ്ട്. അവരുടെ നിരൂപണം എന്നെ സംബന്ധിച്ച് പ്രധാനമാണ്. മറ്റെല്ലാം അഭിപ്രായങ്ങളാണ്. ആളുകൾ അഭിപ്രായം പറയുന്നതിൽ വ്യക്തിപരമായി എനിക്ക് പ്രശ്നമൊന്നുമില്ല. പക്ഷേ സിനിമാവ്യവസായത്തിന് അത് ഗുണകരമല്ല. അതേസമയം നെഗറ്റീവ് വിമർശനത്തിന് ഒരു നല്ല സിനിമയെ തകർക്കാനാവില്ലെന്നും ഞാൻ കരുതുന്നു', പിന്നീട് മലൈക്കോട്ടൈ വാലിബന് വന്ന പ്രതിരണങ്ങളെക്കുറിച്ച് അനുരാഗ് വിശദീകരിക്കുന്നു.
'മലൈക്കോട്ടൈ വാലിബന്റെ കാര്യം തന്നെ പറയാം. പുതിയതൊന്ന് ചെയ്യാൻ കാണിച്ചതിന്റെ ധൈര്യത്താൽ എനിക്ക് വലിയ ഇഷ്ടം തോന്നിയ സിനിമയാണ് അത്. ഒരുപാട് പേർ ഈ സിനിമയ്ക്കെതിരെ സംസാരിക്കുന്നതായി ഞാൻ കേട്ടു. നവീനമായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഒരു വെസ്റ്റേൺ ആണ് ഈ സിനിമ. മോഹൻലാലിനും ലിജോയ്ക്കും ആരാധകരുണ്ട്. മോഹൻലാൽ ആരാധകരെ സംബന്ധിച്ച് ലിജോയ്ക്കൊപ്പം അദ്ദേഹം സിനിമ ചെയ്തത് അവരെ നിരാശരാക്കുന്നു. മറിച്ച് ലിജോ ആരാധകരെ സംബന്ധിച്ച് മോഹൻലാലിന്റെ താരപദവിക്ക് മുന്നിൽ അദ്ദേഹം അടിയറവ് പറഞ്ഞിരിക്കുന്നു. ഇവിടെ പ്രേക്ഷകൻ എന്ന നിലയിൽ നിങ്ങളുടെ പ്രതീക്ഷകൾക്കാണ് പ്രശ്നം. ഏത് തരം സിനിമയാണ് കാണേണ്ടതെന്ന് നിങ്ങൾ മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നു. സ്ക്രീനിൽ കാണുന്ന സിനിമ സ്വതന്ത്രമായി കാണുകയല്ല നിങ്ങൾ ചെയ്യുന്നത്. ഒരു ചലച്ചിത്രകാരനെന്ന നിലയിൽ ഞാനും ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് അത്', അനുരാഗ് പറയുന്നു.
'ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഒഴിഞ്ഞ മനസുമായാണ് ഞാൻ തിയറ്ററിലേക്ക് പോകുന്നത്. മലൈക്കോട്ടൈ വാലിബൻ കാണാൻ പോകുമ്പോൾ അത് കാണാനാണ്, അല്ലാതെ അങ്കമാലി ഡയറീസോ ഈമയൗവോ കാണാനല്ല ഞാൻ പോകുന്നത്. ലിജോ എന്താണ് ഇത്തവണ ചെയ്തിരിക്കുന്നതെന്ന്, ആക്ഷൻ രംഗങ്ങൾ മോഹൻലാൽ എങ്ങനെയാവും ചെയ്തിട്ടുണ്ടാവുക എന്ന് കാണാനാണ് ഞാൻ പോകുന്നത്. അല്ലാതെ മുൻപേ നിശ്ചയിച്ച ഒരു മാതൃകയും മനസിലിട്ടല്ല.
നേരത്തേ പറഞ്ഞ രീതിയിൽ പോയാൽ മറ്റൊരാളുടെ വീട്ടിലേക്ക് ചെന്നിട്ട് അവിടെ മസാലദോശയും സാമ്പാറും കിട്ടുമ്പോൾ, ഇതല്ല ഞാൻ പ്രതീക്ഷിച്ചത് ബീഫ് ആണെന്ന് പറയുമ്പോലെ ആണ്. ആ മനോഭാവം സിനിമാ വ്യവസായത്തെ തകർക്കുന്നതാണ്. ഇത് ഞങ്ങൾ പ്രതീക്ഷിച്ച മോഹൻലാൽ അല്ല, ഇത് ഞങ്ങൾ പ്രതീക്ഷിച്ച ലിജോ അല്ല എന്ന് പറയുമ്പോൾ അവിടെ പ്രശ്നം നിങ്ങളുടെ പ്രതീക്ഷയാണ്, നിങ്ങളാണ്. അല്ലാതെ മോഹൻലാലോ ലിജോയോ അല്ല', അനുരാഗ് പറയുന്നു. മലൈക്കോട്ടൈ വാലിബന്റെ ഹിന്ദി പതിപ്പിൽ മോഹൻലാലിന്റെ വാലിബന് ശബ്ദം പകർന്നത് അനുരാഗ് കശ്യപ് ആണ്.