കാസർകോട്: നടനും കാസ്റ്റിങ് ഡയറക്ടറും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനാകുന്നു. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടേതും പ്രണയവിവാഹമാണ്. രാജേഷ് മാധവൻ അഭിനയിച്ച 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും ദീപ്തി പ്രവർത്തിച്ചിട്ടുണ്ട്.

ദീപ്തിക്കും രാജേഷിനും ആശംസകൾ നേർന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേർ സമൂഹ മാധ്യമങ്ങളിലെത്തി. 'അങ്ങനെ അതുറപ്പിച്ചു' എന്ന അടിക്കുറിപ്പോടെയാണ് ഇരുവരുടെയും ചിത്രങ്ങൾ ഇവർ പങ്കുവച്ചത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ രാജേഷ് മാധവന്റെ ജോഡിയായ സുമലത ടീച്ചറെ അവതരിപ്പിച്ച നടി ചിത്ര നായരും ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്. പെണ്ണുകാണൽ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് ഇതെന്നാണ് സൂചന.

കാസർഗോട് കൊളത്തൂർ സ്വദേശിയാണ് രാജേഷ്. ടെലിവിഷൻ പരിപാടികളുടെ അമരക്കാരനായി കരിയർ ആരംഭിച്ച രാജേഷ് അപ്രതീക്ഷിതമായാണ് സിനിമാ അഭിനയത്തിലേക്ക് എത്തുന്നത്. സനൽ അമന്റെ അസ്തമയം വരെ എന്ന ചിത്രത്തിൽ പ്രൊഡക്ഷൻ കൺട്രോളറായിട്ടാണ് രാജേഷിന്റെ തുടക്കം. തിരക്കഥയെഴുത്തിൽ താൽപ്പര്യമുള്ള രാജേഷും സുഹൃത്ത് രവി ശങ്കറും ദിലീഷ് പോത്തനരികിൽ കഥ പറയാൻ ചെന്നതാണ് വഴിത്തിരിവായത്.

ദിലീഷ് മഹേഷിന്റെ പ്രതികാരത്തിൽ ഒരു ചെറിയ വേഷം നൽകിയതോടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് ദിലീഷിന്റെ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തു.

സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത രാജേഷ് പല സിനിമകളുടെയും കാസ്റ്റിങ് ഡയറക്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ രണ്ടാം മികച്ച ചിത്രമായ 'തിങ്കളാഴ്ച നിശ്ചയ'മെന്ന സിനിമയുടെ കാസ്റ്റിങ് നിർവഹിച്ചത് രാജേഷ് മാധവനും വിനീത് വാസുദേവനും ചേർന്നാണ്.

കനകം കാമിനി കലഹം, 18 പ്ലസ്, നീലവെളിച്ചം മിന്നൽമുരളി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളാണ് കൈകാര്യം ചെയ്യുന്നത്. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിൽ രാജേഷ് മാധവനും ചിത്രയും അവതരിപ്പിച്ച സുരേഷ്, സുമലത എന്നീ കഥാപാത്രങ്ങളെ നായകനും നായികയുമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ഒരു ചിത്രവും ഉടൻ തന്നെ റിലീസ് ചെയ്യും.

"സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ" എന്നാണ് സിനിമയുടെ പേര്. പെണ്ണും പൊറാട്ടും എന്ന സിനിമയിലൂടെ സംവിധായകനാകാനുള്ള ഒരുക്കത്തിലുമാണ് രാജേഷ് മാധവൻ. പാലക്കാട് കൊല്ലങ്കോട് പശ്ചാത്തലത്തിൽ ഉള്ള ഒരു നാടൻ സിനിമയായിരിക്കുമിത്.

ഇന്ത്യൻ പൊലീസ് ഫോഴ്സ്, ദഹാഡ്, സിതാര, അക്രോസ് ദ ഓഷ്യൻ, കെയർഫുൾ എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറാണ് ദീപ്തി. ത്രിതീയ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനറായും പ്രവർത്തിച്ചു.