- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആ ഡിവോഴ്സ് വാർത്തകൾക്ക് ഇതിലും നല്ല മറുപടിയില്ല; മഞ്ഞുപെയ്യുന്ന ഫിൻലാന്റിൽ റൊമാന്റിക്ക് വെക്കേഷൻ ആഘോഷിച്ച് സൂര്യയും ജ്യോതികയും; യാത്രയുടെ ദൃശ്യങ്ങൾ പങ്കുവച്ച് ഹൃദ്യമായ കുറിപ്പുമായി ജ്യോതിക
ചെന്നൈ: സൗത്ത് ഇന്ത്യൻ സിനിമ ലോകത്തിന് ഏറ്റവും പ്രിയപ്പെട്ട താരജോഡികളാണ് സൂര്യയും ജ്യോതികയും. ഏറെ ആരാധകരുള്ള ഇരുവരുമായി ബന്ധപ്പെട്ട് ചില തമിഴ് മാധ്യമങ്ങൾ അടുത്തകാലത്ത് പുറത്തുവിട്ട വാർത്തകൾ അത്ര നല്ലതായിരുന്നില്ല. 18 കൊല്ലത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേർപിരിയുന്നു എന്ന തരത്തിലായിരുന്നു വാർത്തകൾ. സൂര്യയുമായി പിരിഞ്ഞ് തന്റെ മക്കളോടൊപ്പം ജ്യോതിക മുംബൈയിലേക്ക് താമസം മാറി എന്ന രീതിയിലാണ് വാർത്തകൾ വന്നത്. ദിയ, ദേവ് എന്നിവരാണ് താര ദമ്പതികളുടെ മക്കൾ. അടുത്തിടെ മുംബൈയിൽ താമസസ്ഥലം വാങ്ങിയെന്നത് നേരാണ്. അതിൽ നിന്നുമായിരുന്നു ഡിവോഴ്‌സ വാർത്ത ഉദയം ചെയ്തത്.
എന്നാൽ മഞ്ഞുപെയ്യുന്ന ഫിൻലാൻഡിൽ റൊമാന്റിക്കായ അവധിക്കാലം ആസ്വദിക്കുകയാണ് ഇരുവരും. ഫിൻലാൻഡിലെ റൊമാന്റിക്ക് അവധിക്കാലത്തിന്റെ വീഡിയോ ജ്യോതികയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവരെയും കുറിച്ച് തമിഴ് മാധ്യമങ്ങളിൽ വന്ന വാർത്തകൾക്ക് മറുപടി കൂടിയായാണ് ജ്യോതിക ഈ വീഡിയോ പങ്കുവെച്ചതെന്നാണ് അഭ്യൂഹം. ''ജീവിതം ഒരു മഴവില്ല് പോലെയാണ്. നമുക്ക് അതിന്റെ നിറങ്ങൾ കണ്ടെത്താൻ ശ്രമിക്കാം... ഞാൻ അതിലെ വെള്ള കണ്ടെത്തി,' ജ്യോതിക വീഡിയോയിൽ കുറിച്ചു.
മുംബൈയിൽ തന്റെ അച്ഛനും അമ്മയും ഒറ്റയ്ക്ക് ആയതിനാലാണ് അവിടുത്തേക്ക് താൽകാലികമായി മാറുന്നത് എന്നാണ് മുംബൈയിലേക്കുള്ള മാറ്റം സംബന്ധിച്ച് നേരത്തെ ജ്യോതിക വ്യക്തമാക്കിയത്. കോവിഡ് കാലത്ത് പോലും അച്ഛനും അമ്മയ്ക്കും ഒപ്പം നിൽക്കാൻ സാധിച്ചില്ല. അതിനാലാണ് ഈ താൽകാലിക മാറ്റം എന്നും ജ്യോതിക പറഞ്ഞു.
എന്നാൽ പതിനെട്ട് കൊല്ലത്തിന് ശേഷം ഇരുവരും വേർപിരിയുന്നു എന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്. മക്കളോടൊപ്പം ജ്യോതിക മുംബൈയിലേക്ക് താമസം മാറ്റിയത് അതുകൊണ്ടാണെന്നും പ്രചരിച്ചു. ബോളിവുഡ് സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ചതിനാലും അമ്മയ്‌ക്കൊപ്പം താമസിക്കാനുമാണ് ജ്യോതിക താമസം മാറിയതെന്ന് കുടുംബത്തോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
എന്നിരുന്നാലും വിവാഹമോചന വാർത്തകൾ പിന്നെയും പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത് പരോക്ഷമായി മറുപടി നൽകിയിരിക്കുകയാണ് ജ്യോതിക. മഞ്ഞിൽ കുളിച്ചിരിക്കുന്ന ഫിൻലൻഡിലൂടെ താരദമ്പതികൾ നടത്തുന്ന സാഹസിക യാത്രയാണ് വീഡിയോയിലുള്ളത്.
അതിശക്തമായി മഞ്ഞുവീഴുന്ന ഫിൻലൻഡിൽ ഇഗ്ലു മാതൃകയിലുള്ള മഞ്ഞുവീട്ടിലാണ് ഇരുവരും താമസിച്ചത്. അവിടെ നിന്നുള്ള ധ്രുവദീപ്തി (നോർത്തേൺ ലൈറ്റസ്)യുടെ കാഴ്ചകളും വീഡിയോയിൽ കാണാം. നായകൾ വലിക്കുന്ന വണ്ടിയിൽ ഇരുവരും മഞ്ഞിലൂടെ സഫാരി നടത്തുന്നതും മഞ്ഞിൽ കളിക്കുന്നതും നോർത്തേൺ ലൈറ്റ്സിന് കീഴിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമെല്ലാം വീഡിയോയിൽ കാണാം.
ഡിവോഴ്സ് വാർത്തകളുടെ പശ്ചാത്തലത്തിൽ ഏറെ ആവേശത്തോടെയാണ് ആരാധകർ വീഡിയോയ്ക്ക് പ്രതികരിച്ചിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം കാതൽ' സിനിമയിലാണ് അവസാനമായി ജ്യോതിക അഭിനയിച്ചത്.ചിത്രത്തിലെ ഓമന എന്ന വേഷം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. കംഗുവയാണ് സൂര്യ ഇപ്പോൾ അഭിനയക്കുന്ന ചിത്രം
നോർത്തേൺ ലൈറ്റ്‌സ് അഥവാ ധ്രുവദീപ്തി
ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് നോർത്തേൺ ലൈറ്റ്‌സ് അഥവാ ധ്രുവദീപ്തി. പ്രപഞ്ചത്തിന്റെ സുന്ദരമായ ക്യാൻവാസിൽ വിരിയുന്ന ചായക്കൂട്ട്. ഒരേ സമയം മനോഹരവും ഭയാനകവുമായ ഒരു കാഴ്ച. ഭൂമിയും സൂര്യനുംചേർന്ന് ഭൂമിയുടെ ഇരുധ്രുവങ്ങളിലുമായി ഒരുക്കിയ വർണവിസ്മയം. ദക്ഷിണധ്രുവത്തിൽ അറോറ ഓസ്‌ട്രേലിസ് (Aurora Australis) എന്നും ഉത്തരധ്രുവത്തിൽ അറോറ ബോറിയാലിസ് (Aurora Borealis) എന്നും അറിയപ്പെടുന്ന ധ്രുവദീപ്തി.
പച്ച, ചുവപ്പ്, നീല, പിങ്ക് തുടങ്ങിയ നിറങ്ങളിലാണ് പ്രധാനമായും ധ്രുവദീപ്തി കാണപ്പെടുന്നത്. സൂര്യനിൽ നിന്നു വരുന്ന കണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വിവിധ വാതക കണങ്ങളുമായി കൂട്ടിയിടിക്കുന്നതിനനുസരിച്ചാവും ഇവയുടെ നിറം പ്രത്യക്ഷപ്പെടുന്നത്. നോർവെ, സ്വീഡൻ, ഐസ്ലൻഡ്, ക്യാനഡ, ഫിൻലൻഡ്, ഗ്രീൻലൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് കാണാൻ സാധിക്കുക. മിക്കവാറും സ്ഥലങ്ങളിലെല്ലാം വർഷത്തിൽ ഏതാനും ദിവസങ്ങളിൽ മാത്രമാണ് ഈ കാഴ്ച ലഭ്യമാവുക.
മറുനാടന് ഡെസ്ക്