പനാജി: നടി രാകുൽ പ്രീത് സിങ്ങിന് പ്രണയസാഫല്യം. രാകുൽ പ്രീതും നടനും നിർമ്മാതാവുമായ ജാക്കി ഭഗ്‌നാനിയും ഗോവയിൽ നടന്ന ചടങ്ങിൽ വിവാഹിതരായി. വിവാഹ ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. സിഖ്, സിന്ദി ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ.

വിവാഹത്തിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. 'എന്നെന്നേക്കും എന്റേത്' എന്ന ക്യാപ്ഷനും ചിത്രത്തിനൊപ്പമുണ്ടായിരുന്നു. ലെഹങ്ക-ചോളി സെറ്റായിരുന്നു രാകുൽ പ്രീതിന്റെ വിവാഹ വസ്ത്രം. ഷെർവാണിയാണ് ജാക്കി ധരിച്ചത്. ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കൾക്കായി ഇരുവരും മുംബൈയിൽ റിസപ്ഷൻ നടത്തും.

പിങ്ക്-പീച്ച് നിറങ്ങൾ ചേർന്ന ലെഹങ്കയിൽ അതിസുന്ദരിയായിരുന്നു രാകുൽ പ്രീത്. ക്രീം-ഗോൾഡൻ ഷെർവാണിക്കൊപ്പം നീളമുള്ള ഒരു നെക്ക്ലേസും ജാക്കി ധരിച്ചിരുന്നു. നെറ്റ് ഫാബ്രികിലുള്ള ലോങ്സ്ലീവാണ് രാകുൽ പ്രീതിന്റെ ചോളിയുടെ പ്രത്യേകത. ഇതിനൊപ്പം പീച്ച് നിറത്തിലുള്ള സെറ്റ് വളയും വലിയ കല്ലുകൾ പതിപ്പിച്ച ചോക്കറും അതിനോട് യോജിക്കുന്ന കമ്മലും നെറ്റിച്ചുട്ടിയും അണിഞ്ഞു. ഇന്ത്യൻ ഡിസൈനറായ തരുൺ തഹിലിയാനിയാണ് ഇരുവരുടേയും ഔട്ട്ഫിറ്റുകൾ ഒരുക്കിയത്.

View this post on Instagram

A post shared by Rakul Singh (@rakulpreet)

ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.ആദ്യം വിവാഹം വിദേശത്ത് നടത്താനാണ് പദ്ധതിയിട്ടിരുന്നത്. ഇതിനായി ആറുമാസത്തെ ആസൂത്രണവും നടത്തിയിരുന്നു. എന്നാൽ മാലദ്വീപ് വിവാദവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശം ഇരുവരുടേയും തീരുമാനം മാറ്റുകയായിരുന്നു.

2009-ൽ ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രാകുൽ വെള്ളിത്തിരയിൽ അരങ്ങേറിയത്. 2011-ൽ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തു. പിന്നീട് നിരവധി തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളുടെ ഭാഗമായി. ശിവകാർത്തികേയൻ നായകനായ അയലാൻ ആണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.

ബോളിവുഡ് നിർമ്മാതാവ് വാഷു ഭഗ്നാനിയുടെ മകനാണ് ജാക്കി. നിർമ്മാണരംഗത്ത് സജീവമായ ജാക്കി അക്ഷയ് കുമാർ, പൃഥ്വിരാജ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ബഡേ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളാണ്