മുംബൈ: ടെലിവിഷൻ സീരിയൽ നിർമ്മാതാവിന്റെ ഭീഷണിയും മോശം പെരുമാറ്റവും തന്നെ മാനസികമായി തളർത്തിയെന്ന് നടി കൃഷ്ണ മുഖർജി. താൻ അഭിനയിച്ചുകൊണ്ടിരുന്ന ശുഭ് ശകുൻ എന്ന പരമ്പരയുടെ സെറ്റിൽ വെച്ചുണ്ടായ അനുഭവങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് അവർ അറിയിച്ചത്. കടുത്ത വിഷാദവും ഉത്കണ്ഠയും നിറഞ്ഞ നാളുകളിലൂടെയാണ് താൻ കടന്നുപോകുന്നത്. ഇത് തുറന്നുപറയുന്നതിന്റെ പ്രത്യാഘാതങ്ങളോർത്ത് രക്ഷിതാക്കൾ ഭയന്നിരിക്കുകയാണെന്നും കൃഷ്ണ കുറിച്ചു. പോസ്റ്റ് പുറത്തുവന്നതോടെ നിരവധി പേരാണ് കൃഷ്ണയ്ക്ക് പിന്തുണയുമായെത്തിയത്. യേ ഹേ മൊഹബത്തേം എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ നടിയാണ് കൃഷ്ണ. നാഗിൻ, കുഛ് തോ ഹേ എന്നീ പരമ്പുരകളിലും വേഷമിട്ടിട്ടുണ്ട്.

സീരിയൽ നിർമ്മാതാവിന്റെ ഉപദ്രവം കാരണം മാനസികമായി തകർന്ന അവസ്ഥയിലാണെന്നാണ് നടി കൃഷ്ണ മുഖർജിയുടെ കുറിപ്പിന്റെ രത്‌നച്ചുരുക്കം. സുഖമില്ലാതിരിക്കുന്ന അവസ്ഥയിൽ മേക്കപ്പ് മുറിയിൽ അടച്ചിരിക്കേണ്ടിവന്നുവെന്നും അഞ്ച് മാസമായി പ്രതിഫലം ലഭിച്ചില്ലെന്നും അവർ തുറന്നുപറഞ്ഞു. നിർമ്മാതാവിൽനിന്ന് ഭീഷണി ഉയർന്നതിനേത്തുടർന്നാണ് ഇതുവരെയും സംസാരിക്കാതിരുന്നത്. സുരക്ഷിതമല്ലെന്ന് തോന്നിയതിനാൽ പുതിയ അവസരങ്ങളൊന്നും സ്വീകരിക്കുന്നില്ലെന്നും കൃഷ്ണ പറഞ്ഞു.

"എല്ലാം തുറന്നുപറയാനുള്ള ധൈര്യം ഇതുവരെ ഇല്ലായിരുന്നെങ്കിലും ഇനിയത് പിടിച്ചുവെയ്‌ക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഏറെ വിഷമതകൾ നിറഞ്ഞ സമയത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. കഴിഞ്ഞ ഒന്നര വർഷം എന്റെ അവസ്ഥ അത്ര നല്ലതായിരുന്നില്ല. വിഷാദവും ഉത്കണ്ഠയും ബാധിച്ചു. ഒറ്റയ്ക്കായിരിക്കുമ്പോൾ ഉറക്കെ കരഞ്ഞു. അവസാനം പ്രദർശനത്തിനെത്തിയ ശുഭ് ശകുൻ എന്ന പരമ്പര ചെയ്തുതുടങ്ങിയതാണ് എല്ലാത്തിന്റെയും ആരംഭം. ജീവിതത്തിലെടുത്ത ഏറ്റവും മോശം തീരുമാനമായിരുന്നു അത്. പ്രൊഡക്ഷൻ ഹൗസും നിർമ്മാതാവ് കുന്ദൻ സിംഗും പലതവണ ഉപദ്രവിച്ചു." കൃഷ്ണ എഴുതി.

സുഖമില്ലാതിരുന്ന അവസരത്തിൽ എന്നെ മേക്കപ്പ് റൂമിൽ പൂട്ടിയിടുകപോലും ചെയ്തു. ചെയ്ത ജോലിക്ക് കൂലി നൽകിയിരുന്നില്ല. വസ്ത്രം മാറുന്ന സമയത്ത് മേക്കപ്പ് റൂമിന്റെ വാതിലിൽ അത് തകർക്കാനെന്നപോലെ അടിച്ചു. അഞ്ചുമാസത്തെ പ്രതിഫലമായി കിട്ടേണ്ടിയിരുന്നത് വലിയൊരു സംഖ്യയായിരുന്നു. ഇക്കാര്യം ഉന്നയിച്ച് ചാനൽ ഓഫീസിനെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടായിരുന്നില്ല. എനിക്ക് ഭയവും അരക്ഷിതാവസ്ഥയും അനുഭവപ്പെട്ടു. സഹായത്തിനായി പലരേയും സമീപിച്ചെങ്കിലും ഒന്നും ഫലംചെയ്തില്ല. ഞാനെന്താണ് ഷോ ചെയ്യാത്തതെന്ന് പലരും ചോദിക്കുന്നുണ്ട്. ഇതാണ് കാരണം. ഇതുപോലെ വീണ്ടും നടന്നാലോ എന്നെനിക്ക് ഭയമുണ്ട്. എനിക്ക് നീതിവേണം." കൃഷ്ണ കൂട്ടിച്ചേർത്തു.