ചെന്നൈ: നായികയായി അഭിനയിച്ച 'രക്ഷണ' എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി പായൽ രജ്പുത്. പ്രതിഫലത്തിന്റെ ബാക്കി തരാതെയാണ് അണിയറപ്രവർത്തകർ ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നതെന്നും ഈ അനീതിക്കെതിരെ ഏവരും ശബ്ദമുയർത്തണമെന്നും അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. പ്രചാരണ പരിപാടികളിൽ പങ്കെടുത്തില്ലെങ്കിൽ തന്നെ തെലുങ്ക് സിനിമയിൽ നിന്നുതന്നെ വിലക്കുമെന്ന് അവർ ഭീഷണിപ്പെടുത്തുകയാണെന്നും പായൽ രജ്പുത് പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പായൽ രജ്പുത് രക്ഷണയുടെ നിർമ്മാതാക്കൾക്കെതിരെ രംഗത്തെത്തിയത്.

'5 ഡബ്ല്യൂസ്' എന്ന പേരിലായിരുന്നു ഈ ചിത്രം ഷൂട്ടിങ് തുടങ്ങിയതെന്ന് പായൽ രജ്പുത് പറഞ്ഞു. 2019-2020 വർഷത്തിലായിരുന്നു ചിത്രീകരണം തുടങ്ങിയത്. ചിത്രത്തിന്റെ റിലീസ് ചില കാരണങ്ങളാൽ വൈകി. പക്ഷേ ഇപ്പോൾ തരാനുള്ള പ്രതിഫലത്തിന്റെ കുടിശ്ശിക തീർക്കാതെയും തന്റെ സമീപകാല വിജയത്തിന്റെ നേട്ടം ലഭിക്കാൻ വേണ്ടിയും തന്റെ സമ്മതമില്ലാതെ സിനിമ റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയാണെന്ന് നടി പറഞ്ഞു.

"ആദ്യം നഷ്ടപരിഹാരത്തോടൊപ്പം കുടിശ്ശിക തീർക്കുകയാണെങ്കിൽ ഈ സിനിമയുടെ ഡിജിറ്റൽ പ്രമോഷൻ ചെയ്യാമെന്ന ധാരണയിൽ എന്റെ ടീം ചർച്ചകൾ നടത്താൻ ശ്രമിച്ചു. എന്നാൽ അവർ വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുകയും എന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന രീതിയിൽ എന്റെ പേര് ഉപയോഗിക്കുകയും ചെയ്യുകയാണ്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. അടുത്തു നടന്ന ചില മീറ്റിങ്ങുകളിൽ അവർ വളരെ മോശമായ ഭാഷയാണ് എനിക്കു നേരെ ഉപയോഗിച്ചത്. സിനിമ വിതരണത്തിന് എടുക്കണമെങ്കിൽ പായൽ അതിന്റെ സാമ്പത്തിക ബാധ്യത വഹിക്കണമെന്നും അല്ലാത്തപക്ഷം അവർ സിനിമ സ്വീകരിക്കില്ലെന്നു വിതരണക്കാർ പറഞ്ഞെന്നുമാണ് അവർ പറയുന്നത്. അവർ എനിക്ക് തരാനുള്ള പ്രതിഫലം തീർപ്പാക്കാത്തതിനാലും എന്റെ അംഗീകാരമോ സമ്മതമോ ഇല്ലാതെ സിനിമ റിലീസ് ചെയ്യാൻ പദ്ധതിയിടുന്നതിനാലും ഞാൻ ഇപ്പോൾ നിയമനടപടിക്ക് ഒരുങ്ങുകയാണ്."പായൽ രജ്പുത് കുറിച്ചു.

അതേസമയം പായലിനെതിരെ രക്ഷണയുടെ നിർമ്മാതാക്കൾ മാർച്ചിൽ തങ്ങൾക്ക് പരാതി നൽകിയിരുന്നുവെന്ന് തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കുന്ന വാർത്താക്കുറിപ്പും അവർ പുറത്തുവിട്ടു. ചിത്രത്തിന്റെ പ്രമോഷന് ഡേറ്റ് നൽകിയില്ലെന്ന് നിർമ്മാതാവും സംവിധായകനുമായ പ്രന്ദീപ് താക്കൂർ ആരോപിച്ചു. ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നെന്നും എന്നാൽ റിലീസ് വൈകിയതിനാൽ ഓ.ടി.ടി റിലീസാണ് പായൽ ആവശ്യപ്പെട്ടതെന്നും അദ്ദേഹത്തിന്റെ പരാതിയിലുണ്ട്. പ്രമോഷന് പങ്കെടുത്താൽ അവൾക്ക് നൽകാനുള്ള ആറ് ലക്ഷം രൂപ നൽകാൻ തയ്യാറായിരുന്നെന്നും നടി ഇതിനോട് സഹകരിച്ചില്ലെന്നും നിർമ്മാതാക്കൾ അവകാശപ്പെട്ടു.

ഹിന്ദി ടെലിവിഷൻ പരമ്പരയായ 'സപ്‌നോം സേ ഭരേ നൈന'യിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് പായൽ രജ്പുത്. 'ആർഎക്‌സ് 100' എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 'വെങ്കി മാമ', ഡിസ്‌കോ രാജ, തീസ് മാർ ഖാൻ, ജിന്ന, ഹെഡ് ബുഷ്, അനഗനഗാ ഓ അതിഥി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഒടുവിൽ നായികയായി വേഷമിട്ട 'മംഗളവാരം' എന്ന തെലുങ്ക് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.