ബെംഗളൂരു: നടൻ ദർശൻ ഒരു കൊലക്കേസിൽ ഉൾപ്പെട്ടതായി വിശ്വസിക്കാനാവുന്നില്ലെന്ന് കന്നഡ നടി അനുഷാ റായ്. നടൻ ദർശൻ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരനാണ്. രേണുകാ സ്വാമി കൊലക്കേസിൽ ദർശനും നടിയും സുഹൃത്തുമായ പവിത്ര ഗൗഡയും അറസ്റ്റിലായതിന്റെ ചൂടുപിടിച്ച ചർച്ചകൾ നടക്കുന്നതിനിടെയാണ് അനുഷ ഇക്കാര്യം പറഞ്ഞത്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു കന്നഡ സൂപ്പർ താരത്തേക്കുറിച്ചുള്ള അനുഷയുടെ പരാമർശം.

ദർശൻ ഒരു കൊലക്കേസിൽ ഉൾപ്പെട്ടതായി വിശ്വസിക്കാനാവുന്നില്ലെന്ന് അനുഷ റായ് പറഞ്ഞു. അദ്ദേഹം വളരെ എളിമയും കരുതലുമുള്ള വ്യക്തിയായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.

'ക്ഷിപ്രകോപ സ്വഭാവമുള്ളയാളാണ് ദർശൻ. അതേസമയം, എളിമയും കാത്തുസൂക്ഷിച്ചിരുന്നു. അദ്ദേഹം എല്ലാ കാര്യത്തിലും കോപപ്പെടുന്നയാളല്ല. ആളുകൾ ശ്രദ്ധാപൂർവ്വം സംസാരിക്കുന്നു. ഞാൻ അദ്ദേഹത്തോട് സംസാരിക്കുമ്പോൾ, അത് എന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടാണ്. തന്റെ ഈ ദേഷ്യത്തേക്കുറിച്ച് ദർശൻതന്നെ പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്.' അനുഷ ചൂണ്ടിക്കാട്ടി.

അതേസമയം ദർശനും പവിത്രയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് തനിക്കറിയില്ലായിരുന്നെന്ന് അനുഷ റായ് വ്യക്തമാക്കി. ദർശന്റെ ഭാര്യയും മകനും അനുഭവിക്കുന്ന സൈബർ ആക്രമണത്തെ അനുഷ അപലപിക്കുകയും ചെയ്തു.

രേണുകാസ്വാമി കൊലക്കേസിൽനിന്ന് രക്ഷപ്പെടാൻ 30 ലക്ഷംരൂപ നൽകിയതായി ദർശൻ കുറ്റസമ്മതം നടത്തിയിരുന്നു. മറ്റൊരു പ്രതിയായ പ്രദോഷിനാണ് പണം നൽകിയത്. പണം പ്രദോഷിന്റെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുക്കുകയുംചെയ്തു. രേണുകാസ്വാമിയുടെ മൃതദേഹം മറവുചെയ്യാനും തന്റെ പേര് പുറത്തുവരാതിരിക്കാനുമാണ് ദർശൻ കൂട്ടാളികൾക്ക് കൊടുക്കാനായി പണം നൽകിയതെന്നാണ് പൊലീസ് അറിയിച്ചത്.

കർണാടകയിലെ ചിത്രദുർഗ സ്വദേശിയാണ് ദർശന്റെ ആരാധകൻകൂടിയായ രേണുകാസ്വാമി. ചിത്രദുർഗയിൽനിന്ന് ബെംഗളൂരുവിലേക്ക് കടത്തിക്കൊണ്ടുപോയ രേണുകാസ്വാമിയെ ഒരു ഷെഡ്ഡിൽവച്ചാണ് പ്രതികൾ കൊലപ്പെടുത്തിയത്. വടികൊണ്ടും മറ്റും യുവാവിനെ നിരന്തരം മർദിച്ചു. കെട്ടിയിട്ടും ഉപദ്രവം തുടർന്നു. പിന്നാലെ യുവാവിനെ ഷോക്കേൽപ്പിച്ചതായും പൊലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ജൂൺ ഒമ്പതാം തീയതി ബെംഗളൂരുവിലെ ഒരു അഴുക്കുചാലിൽനിന്നാണ് രേണുകാസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ മുഖത്തിന്റെ പാതിഭാഗം നായ്ക്കൾ ഭക്ഷിച്ചനിലയിലായിരുന്നു. ഒരു ചെവിയും മൃതദേഹത്തിൽ കാണാനില്ലായിരുന്നു. യുവാവിന്റെ ജനനേന്ദ്രിയം തകർന്നിരുന്നതായും റിപ്പോർട്ടുകളിലുണ്ട്.