തിരുവനന്തപുരം: 'ഗഗനചാരി' എന്ന ചിത്രം കണ്ടതിനുശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി വിളിച്ച് അഭിനന്ദനം അറിയിച്ചുവെന്ന് നടനും സംസ്ഥാന ഗതാഗതമന്ത്രിയുമായ കെ.ബി. ഗണേശ് കുമാർ. സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് ഗണേശ് ഇക്കാര്യം അറിയിച്ചത്. 'നീ പടത്തിൽ നന്നായിട്ടുണ്ട്' എന്ന് ഫോൺ വിളിച്ച് സുരേഷ് ഗോപി പറഞ്ഞുവെന്ന് ഗണേശ് കുമാർ പറഞ്ഞു.

അത് സന്തോഷമുള്ള കാര്യമാണ്. ഒരു പടം ചെയ്യുമ്പോൾ അതിന് അഭിനന്ദനം കിട്ടുകയെന്നത് ഒരു കലാകാരനെന്ന നിലയിൽ വളരെ താത്പര്യമുള്ള കാര്യമാണെന്നും ഗണേശ് കുമാർ പറഞ്ഞു. ഏറെ സന്തോഷത്തോടെയാണ് സുരേഷ് ഗോപി വിളിച്ച കാര്യം ഗണേശ് അറിയിച്ചത്. ഒരു സഹപ്രവർത്തകനിൽ നിന്നു കിട്ടുന്ന അഭിനന്ദനം ഒരു കലാകാരനെന്ന നിലയിൽ വളരെ പ്രധാനപ്പെട്ടതാണെന്നും ഗണേശ് കുമാർ കൂട്ടിച്ചേർത്തു.

അരുൺ ചന്തു സംവിധാനം ചെയ്ത 'ഗഗനചാരി' ജൂൺ 21-നാണ് തിയേറ്ററുകളിൽ എത്തിയത്. ഒരു ഡിസ്ടോപ്പിയൻ ഏലിയൻ ചിത്രമായ 'ഗഗനചാരി'ക്ക് തിയേറ്ററുകളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയ ശേഷം കേരളത്തിൽ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. മികച്ച ചിത്രം, മികച്ച വിഷ്വൽ ഇഫക്ട്‌സ് എന്ന വിഭാഗങ്ങളിൽ ന്യൂയോർക്ക് ഫിലിം അവാർഡ്സ്, ലോസ് ആഞ്ജലിസ് ഫിലിം അവാർഡ്സ്, തെക്കൻ ഇറ്റലിയിൽ വെച്ച് നടന്ന പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും 'ഗഗനചാരി' പ്രദർശിപ്പിച്ചിരുന്നു.

വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമായതിനാൽ നവയുഗ സിനിമാപ്രേമികളും നിരൂപകരും ആവേശത്തോടെയാണ് സിനിമയെ ഏറ്റെടുത്തത്. 'സായാഹ്നവാർത്തകൾ', 'സാജൻ ബേക്കറി' എന്നീ ചിത്രങ്ങൾക്കുശേഷം അരുൺ ചന്തു സംവിധാനം ചെയ്ത 'ഗഗനചാരി' നിർമ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ്. 'ആവാസവ്യൂഹം', 'പുരുഷപ്രേതം' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കൃഷാന്ദ് ആണ് ഗഗനചാരിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ശിവ സായിയും അരുൺ ചന്തുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ആയിരുന്നു ശിവ സായി.

ഗോകുൽ സുരേഷ്, അജു വർഗീസ്, കെ.ബി ഗണേശ് കുമാർ, അനാർക്കലി മരിക്കാർ, ജോൺ കൈപ്പള്ളിൽ തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന 'ഗഗനചാരി'യുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. 'സണ്ണി' '4 ഇയേഴ്സ്', 'ജയ് ഗണേശ്' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ശങ്കർ ശർമ സംഗീതം പകരുന്ന ചിത്രമാണ് 'ഗഗനചാരി'. പ്രസ് മീറ്റ് തള്ളുകളിൽ പല തവണ വീണിട്ടുണ്ട്, സിനിമകൾ കണ്ട് നിരാശപ്പെടേണ്ടിയും വന്നിട്ടുണ്ട്; ഗണേശ് കുമാർ

'കള' എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്സ് പ്രഭുവാണ് ആക്ഷൻ ഡയറക്ടർ. വി.എഫ്.എക്സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, ഗാനരചന- മനു മൻജിത്, കോസ്റ്റ്യൂം ഡിസൈനർ- ബുസി ബേബി ജോൺ, കലാസംവിധാനം- എം ബാവ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, അസിസ്റ്റന്റ് ഡയറക്ടർമാർ- അജിത് സച്ചു, കിരൺ ഉമ്മൻ രാജ്, ലിതിൻ കെ ടി, അരുൺ ലാൽ, സുജയ് സുദർശൻ, സ്റ്റിൽസ്- രാഹുൽ ബാലു വർഗീസ്, പ്രവീൺ രാജ്, പോസ്റ്റ് പ്രൊഡക്ഷൻ: നൈറ്റ് വിഷൻ പിക്‌ചേഴ്‌സ്, ക്രിയേറ്റീവ്സ്- അരുൺ ചന്തു, മ്യൂറൽ ആർട്ട്- ആത്മ, വിതരണം- അജിത് വിനായക റിലീസ്, പിആർഒ- ആതിര ദിൽജിത്ത്.